മിഴിവേകി ബഡ്‌സ് സ്‌കൂള്‍ ജില്ലാ കലോത്സവം
കല്‍പ്പറ്റ: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌കൂള്‍ ജില്ലാ കലോത്സവം 'മിഴിവ് 2017' ശ്രദ്ധേയമായി. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ നഗരസഭ ബഡ്‌സ് സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ കാണികള്‍ക്ക് ഹൃദ്യമായ വിരുന്നായി.
സംഘഗാനം, സംഘ നൃത്തം, ഒപ്പന, മിമിക്രി, മോണോആക്ട്, ലളിത ഗാനം തുടങ്ങി വിവിധ ഇനങ്ങളില്‍ അനുപമമായ പ്രകടനമാണ് കുട്ടികള്‍ കാഴ്ചവച്ചത്. ആദ്യമായാണ് ജില്ലയില്‍ ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ ജില്ലാ കലോത്സവം നടത്തുന്നത്.
കല്‍പ്പറ്റ നഗരസഭക്ക് അകത്തും പ്രാന്തപ്രദേശങ്ങളിലുമുള്ള 18 വയസ്സുവരെയുള്ള നാല്‍പതോളം കുട്ടികളാണ് ബഡ്‌സ് സ്‌കൂളില്‍ പഠിക്കുന്നത്. പഠന രംഗത്ത് മികച്ച നിലവാരം കാത്ത് സൂക്ഷിക്കുന്ന കുട്ടികള്‍ക്ക് പക്ഷെ തങ്ങളുടെ കലാമികവ് പ്രകടിപ്പിക്കുന്നതിന് വേദി ലഭ്യമല്ലായിരുന്നു.
തികഞ്ഞ അച്ചടക്കവും മത്സര ബുദ്ധിയും പ്രകടിപ്പിച്ച കുട്ടികള്‍ തങ്ങളുടെ സഹപാഠികള്‍ അവതരിപ്പിച്ച പരിപാടികള്‍ക്ക് നിറഞ്ഞ കയ്യടിയോടെ പിന്തുണ നല്‍കി. മൂന്ന് അധ്യാപകരാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് കുട്ടികളെ മത്സരങ്ങള്‍ക്കായി പരിശീലിപ്പിച്ചത്.
ആദ്യമായി വേദിയില്‍ കയറുന്ന അന്ധാളിപ്പൊന്നുമില്ലാതെ പ്രകടനം നടത്തിയ കുട്ടികള്‍ക്ക് പ്രോത്സാഹനമായി നഗരസഭാ കൗണ്‍സിലര്‍മാരും സി.ഡി.എസ് അംഗങ്ങളും രക്ഷിതാക്കളും എത്തിയിരുന്നു.
പങ്കെടുത്ത എല്ലാവര്‍ക്കും ജില്ലാ മിഷന്‍ പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. മികച്ച പ്രവര്‍ത്തനം നടത്തിയ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ കലോത്സവത്തില്‍ നിന്നും തെരഞ്ഞെടുത്ത പത്ത് കുട്ടികള്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി ഹമീദ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ പി.പി ആലി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ അജിത, സനിത ജഗദീഷ്, ബിന്ദു ജോസ്, ടി.ജെ ഐസക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ സ്വാഗതവും അസി. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.എ ഹാരിസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."