മുന്‍ ഇലക്ഷന് കമ്മിഷണര്‍ ടി.എന്‍ ശേഷനും ഭാര്യയും വൃദ്ധസദനത്തില്‍
ചെന്നൈ: രാജ്യത്തെ തെരഞ്ഞെടുപ്പ് ചട്ടത്തില്‍ ഒട്ടേറെ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കി പ്രശസ്തനായ മുന്‍ ചീഫ് ഇലക്ഷന് കമ്മിഷണര്‍ ടി.എന്‍. ശേഷനും ഭാര്യയും വൃദ്ധസദനത്തില്‍. പാലക്കാട് സ്വദേശിയായ തിരുനെല്ലായ് നാരായണ അയ്യര്‍ ശേഷന് എന്ന ടി.എന്‍. ശേഷനും ഭാര്യ ജയലക്ഷ്മിയുമാണ് ചെന്നൈ പെരുങ്കളത്തൂരിലുള്ള ഗുരുകുലം വൃദ്ധസദനത്തില്‍ കഴിയുന്നത്.
ചെന്നൈ നഗരത്തില്‍ സ്വന്തമായി വീടുണ്ടായിട്ടും ഈ ദമ്പതികള്‍ വൃദ്ധ സദനത്തില്‍ എത്തിയത് ഇവരെ പരിചരിക്കാന്‍ ആരുമില്ലാത്തതുകൊണ്ടാണെന്നാണ് വിവരം.
മക്കളില്ലാത്ത ഇവര്‍ക്ക് വാര്‍ധക്യസഹജമായ അസുഖങ്ങള്‍ തുടങ്ങിയതോടെയാണ്'പേയിങ് ഗസ്റ്റായി'വൃദ്ധ സദനത്തിലെത്താന്‍ തീരുമാനിച്ചത്.
ദമ്പതികളുടെ വരവ് വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികള്‍ക്ക് ആശ്വാസവും അനുഗ്രഹവുമാണുണ്ടാക്കിയത്. തന്റെ ജീവിതകഥയും പുരാണ കഥകളും പറഞ്ഞ് അന്തേവാസികളുടെ മനസില്‍ ഇഷ്ടതാരമായി മാറിയ ശേഷന് സ്വന്തം ചെലവില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് സഹായങ്ങളും ചെയ്യുന്നുണ്ട്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.
1990- 1996 ലാണ് രാജ്യത്തെ 10ാമത് ചീഫ് ഇലക്ഷന് കമ്മിഷണറായി ടി.എന്‍.ശേഷന് നിയമിതനായത്.
കമ്മിഷണറായതോടെ ഭരണഘടനയില്‍ ഈ ഉദ്യോഗസ്ഥനുള്ള അധികാരങ്ങള്‍ എന്തൊക്കെയാണെന്ന് ജനത്തിന് കാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിനായി. മറ്റുള്ളവരുടെ വീടുകളുടെ ചുമരില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ തടഞ്ഞും ലൗഡ് സ്പീക്കര്‍ നിരോധിച്ചും പ്രചാരണത്തിന് സമയവും ചെലവും നിര്‍ണയിച്ചും സ്ഥാനാര്‍ഥികള്‍ സ്വത്ത് വിവരം കര്‍ശനമായും വെളിപ്പെടുത്തണമെന്നടക്കമുള്ള പരിഷ്ക്കരണങ്ങള്‍ ഏര്‍പ്പെടുത്തിയും ശേഷന് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൂക്കുകയറിട്ടു.
അദ്ദേഹം ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയന്ത്രിക്കാന്‍ രണ്ട് കമ്മിഷണര്മാരെകൂടി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
1932 ഡിസംബര്‍ 15-ന് ജനിച്ച ശേഷന് 85-ാം പിറന്നാള്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 15-ന് ആഘോഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."