ദലിതരുടെ സുരക്ഷ: മോദി നിലപാട് വ്യക്തമാക്കണമെന്ന് ജിഗ്നേഷ് മേവാനി
ന്യൂഡല്‍ഹി: ദലിതരുടെ സുരക്ഷയെക്കുറിച്ച് മോദി നിലപാടു വ്യക്തമാക്കണമെന്ന് ദലിത് മുന്നേറ്റ നേതാവ് ജിഗ്‌നേഷ് മേവാനി. ദലിതര്‍ക്കുനേരെ നടക്കുന്ന അക്രമത്തിനെതിരേ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ പൊതു തെരഞ്ഞെടുപ്പില്‍ മോദി അനുഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അംബേദ്കറുടെ അനുയായി ആണെന്നാണു പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ദലിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ എങ്ങനെ നിശബ്ദനായിരിക്കാന്‍ കഴിയും. എന്തു കൊണ്ടാണു രാജ്യത്ത് ദലിതര്‍ സുരക്ഷിതരല്ലാത്തത്.
ജാതി ഉന്‍മൂലനത്തോട് പ്രധാനമന്ത്രിക്ക് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യന്‍ ഭരണഘടനയും മനുസ്മൃതിയുമായി ഈ മാസം ഒന്‍പതിന് മാര്‍ച്ച് നടത്തുമെന്ന് മേവാനി പറഞ്ഞു. ഇതില്‍ ഏതാണു പ്രധാനമന്ത്രി തെരഞ്ഞെടുക്കുന്നതെന്ന് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി തന്നെ ഭയക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലമായി അവര്‍ തന്നെ ലക്ഷ്യം വയ്ക്കുന്നു. കൊറേഗാവില്‍ താന്‍ നടത്തിയ പ്രസംഗത്തില്‍ തീവ്രവികാരം ഉണര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ല.
നിയമവിരുദ്ധമായി ഒരു വാക്കുപോലും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജാതി രഹിതമായ ഇന്ത്യയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."