ജി.ഡി.പി വളര്‍ച്ചാ നിരക്ക്: 6.5 ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന രംഗത്ത് വീണ്ടും തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരിക്കും 2017-18 സാമ്പത്തിക വര്‍ഷത്തിലെ ആഭ്യന്തര ഉല്‍പാദനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
6.5 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.1 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. കാര്‍ഷിക മേഖല, ഉല്‍പാദന രംഗം എന്നിവയിലുണ്ടായ തിരിച്ചടിയാണ് ആഭ്യന്തര ഉല്‍പാദന രംഗത്തെ തിരിച്ചടിക്ക് കാരണം. അടുത്തമാസം ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ജി.ഡി.പി നിരക്ക് സംബന്ധിച്ച കണക്ക് പുറത്തുവന്നത്.
കൃഷി,വനം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ നിന്നുള്ള അറ്റാദായം 2.1 ശതമാനം മാത്രമായിരിക്കും ഈ സാമ്പത്തിക വര്‍ഷത്തിലുണ്ടായിരിക്കുക. മുന്‍ സാമ്പത്തിക വര്‍ഷം ഈ മേഖലകളില്‍ നിന്ന് 4.9 ശതമാനമായിരുന്നു വരുമാനം.
അതേസമയം നിര്‍മാണ മേഖലയില്‍ നിന്ന് 4.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
കാര്‍ഷിക മേഖലയില്‍ വന്‍തിരിച്ചടിയാണ് ഉണ്ടാകുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ ഖാരിഫ് സീസണില്‍ ഉണ്ടാകുന്ന കാര്‍ഷിക ഉല്‍പാദന രംഗത്തുനിന്ന് 13.46 കോടി ടണ്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."