കുറ്റിക്കോല്‍ സംഘര്‍ഷം: അഞ്ചു പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ്
കുറ്റിക്കോല്‍: പഞ്ചായത്ത് ഭരണ സമിതി യോഗത്തിലുണ്ടായ അക്രമത്തില്‍ അഞ്ചുപേര്‍ക്കെതിരേ ബേഡകം പൊലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.ജെ ലിസി, അംഗം ജോസഫ് പാറത്തട്ടേല്‍ എന്നിവര്‍ക്കു നേരെ ഉണ്ടായ അക്രമത്തിലാണ് കേസ്. അക്രമത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്തില്‍ ഇന്നലെ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.
പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക ഭാഗങ്ങളില്‍ ആദൂര്‍ സി.ഐ സിബി തോമസിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തിന്റെ അജണ്ടയിലെ അവസാന ഇനമായിരുന്നു ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി ബാലനും ആര്.എസ്.പി നേതാവ് ബി ഹരീഷ് നമ്പ്യാരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.
വോട്ടെടുപ്പില്‍ ഒന്പതുപേര് ഹരീഷിനെ അനുകൂലിച്ചു കൈ ഉയര്‍ത്തിയതോടെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഹരീഷിനെ ഉപാധ്യക്ഷനാക്കാന്‍ തീരുമാനിച്ചു.
ഇത് അംഗീകരിക്കാതെ സി.പി.എം അംഗങ്ങള്‍ ബഹളം വയ്ക്കുകയും ബഹളം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."