ദേവകിയമ്മ വധം; അന്വേഷണം എങ്ങുമെത്തിയില്ല
കാഞ്ഞങ്ങാട്; പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകിയമ്മ വധക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. വിദഗ്ധ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും കൊലയാളികളെ സംബന്ധിച്ചുള്ള സൂചനകള്‍ ഇത് വരെ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. അതേ സമയം അന്വേഷണ സംഘത്തിന് ദേവകിയമ്മയുടെ ദേഹത്തു നിന്നും കിട്ടിയ ഒരു മുടി തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനക്ക് അയച്ചതായി സൂചനയുണ്ട്.
ഈ പരിശോധനയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കൊലയാളിയിലേക്കെത്താമെന്ന കണക്കു കൂട്ടലിലാണ് അന്വേഷണ സംഘം. കഴിഞ്ഞ മാസം പതിമൂന്നിന് വൈകുന്നേരം ആറോടെയാണ് ദേവകിയമ്മയെ സ്വന്തം വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ ഈ തെളിവും അത്ര ശക്തമല്ലെന്ന ബോധവും അന്വേഷണ സംഘത്തിനുണ്ട്. പാവാട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ ദേവകിയമ്മ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ക്കൊന്നും സ്ഥാന ചലനം സംഭവിച്ചിട്ടുമില്ല. ഇതിനു പുറമേ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇവര്‍ പീഡനത്തിനും മറ്റും ഇരയായിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. അതേ സമയം മൃതദേഹം കണ്ടെത്തിയ ദിവസത്തിന് മുന്‍പ് പുലര്‍ച്ചെ ഇവര്‍ മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാരണം കൊണ്ട് തന്നെ അതി വിദഗ്ദരായ കൊലയാളികള്‍ തെരഞ്ഞെടുക്കുന്ന ഈ സമയം പൊലിസ് പ്രത്യേകം കണക്കിലെടുത്തിട്ടുണ്ട്.
. സംഭവ ദിവസം തന്നെ പൊലിസ് നായ,വിരലടയാള വിദഗ്ദര്‍ എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. മണം പിടിച്ച നായ ദേവകിയമ്മയുടെ വീടിന് ചുറ്റും നടന്നതല്ലാതെ മറ്റൊന്നും കണ്ടെത്തിയിരുന്നില്ല.
സംഭവം സംബന്ധിച്ച് പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒട്ടനവധി ആളുകളെ പൊലിസ് ചോദ്യം ചെയ്തെങ്കിലും കൊലയാളിയിലേക്കുള്ള യാതൊരു സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇവരുടെ ഒരു മകനും ഇയാളുടെ ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം ദേവകിയമ്മയുടെ വീടിന് അല്പം താഴെയായി താമസിച്ചു വരുകയാണ്.
സൈബര്‍ സെല്‍ ഉള്‍പ്പെടെയുള്ള എല്ലാ വിധ സംവിധാനങ്ങളും അന്വേഷണ സംഘം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും കൊലയാളിയെ സംബന്ധിച്ച് യാതൊരു സൂചനയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
ദേവകിയമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി ഈ മാസം നാലിന് പെരിയാട്ടടുക്കത്ത് ശ്രദ്ധ ക്ഷണിക്കല്‍ ചടങ്ങ് സംഘടിപ്പിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."