സമസ്ത വേദികളിലെ നിറസാന്നിധ്യം
പുരാതന സുന്നി കുടുംബത്തില്‍ പിറന്ന ഇ. അഹമ്മദ് സാഹിബ് സമസ്തയുടെ വേദികളിലെ അനിവാര്യസാന്നിധ്യമായിരുന്നു. പൊതുരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ സമസ്തയുടെ അടിയുറച്ച പ്രവര്‍ത്തകനായാണ് അദ്ദേഹം നിലകൊണ്ടത്. അഹമ്മദ് സാഹിബിന്റെ സാന്നിധ്യമില്ലാത്ത സമസ്തയുടെ ഒരു സമ്മേളനം പോലും കടന്നു പോയിട്ടില്ലെന്നു പറയാന്‍ കഴിയും.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന സമ്മേളന വേദികളിലെ നിറഞ്ഞ സദസ്സിനു മുമ്പില്‍ ആവേശോജ്ജ്വലമായി നടത്തുന്ന പ്രഭാഷണത്തെ ജനസഞ്ചയം കാതോര്‍ത്തിരിക്കുമായിരുന്നു. പട്ടിക്കാട് ജാമിഅ: നൂരിയ്യയുടെ ഇക്കഴിഞ്ഞ സമ്മേളനമൊഴികെ എല്ലാ സമ്മേളനങ്ങളിലും വളരെ നേരത്തെ തന്നെ എത്തിയിരുന്ന അഹമ്മദ് സാഹിബ് ഒരു ആതിഥേയന്റെ റോളിലാണ് ഇടപെട്ടിരുന്നത്.
താന്‍ സുന്നി യാണെന്നും മാത്രമല്ല പക്കാ സമസ്തക്കാരനാണെന്നും വേദികളിലെ തന്റെ പ്രഭാഷണങ്ങളില്‍ വെട്ടിത്തുറന്നു പറയാന്‍ അദ്ദേഹം മടിച്ചിട്ടില്ല. ശംസുല്‍ ഉലമായുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അഹമ്മദ് സാഹിബ് മതകീയമായ വിഷയങ്ങളില്‍ ശംസുല്‍ ഉലമയുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തേടുമായിരുന്നു. ഷാ ബാനു ബീഗം കേസുമായി ബന്ധപ്പെട്ട് ഉണ്ടായ ശരീഅത്ത് വിവാദ കാലത്ത് ശംസുല്‍ ഉലമായുമായി നിരന്തരം അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
സുന്നി വിശ്വാസവും ആചാരവും അണുവിട വ്യതിചലിക്കാത്ത അഹമ്മദ് സാഹിബ് ഏത് പ്രധാന സംഭവങ്ങളുണ്ടാവുമ്പോഴും പ്രയാസങ്ങളുണ്ടാവുമ്പോഴും കണ്ണൂരിലെ മൗലാ മഖാമില്‍ സിയാറത്തിനെത്തി ദുആ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ പതിവു രീതികളായിരുന്നു. തന്റെ പ്രിയപ്പെട്ട ഭാര്യ മരണപ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സമസ്തയുടെ പണ്ഡിതന്‍മാരെയും വീട്ടില്‍ വിളിച്ചു വരുത്തി പ്രാര്‍ഥനാ ചടങ്ങ് നടത്തിയത് നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."