സംഘര്‍ഷം; പിറവത്ത് സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി ധാരണ
കൊച്ചി: രാഷ്ട്രീയസംഘര്‍ഷങ്ങള്‍ നടന്ന പിറവത്ത് പൊതുസമാധാനം ഉറപ്പുവരുത്താന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. അനൂപ്‌ജേക്കബ് എംഎല്‍എ മുന്‍കൈയെടുത്ത് ജില്ലാ കക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയിലാണ് കളക്ടറേറ്റില്‍ യോഗം വിളിച്ചുചേര്‍ത്തത്. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ എം.എല്‍.എ അഭ്യര്‍ഥിച്ചു.
സംഘര്‍ഷങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടും ആശങ്കയും സൃഷ്ടിക്കുന്ന നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം. ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത് സാധാരണക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ പൊലിസ് സമയോചിതമായി ഇടപെടണം. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സൗഹൃദ ജില്ലയെന്ന എറണാകുളത്തിനുള്ള പേരു തുടര്‍ന്നും നിലനിര്‍ത്തണമെന്നു ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അഭ്യര്‍ഥിച്ചു. സംഘടനാസ്വാതന്ത്ര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അതു പരസ്പരം മാനിക്കണം. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സ്വാധീനത്തിനു വഴങ്ങാതെ പോലീസ് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം യോഗത്തിന് ഉറപ്പു നല്‍കി.
ഇപ്പോഴുള്ള കേസുകളില്‍ അന്വേഷണം നടത്തിവരുകയാണ്. സംഘര്‍ഷങ്ങളില്‍ പുറമെനിന്നുള്ളവരുണ്ടെങ്കില്‍ അവരെ പിടികൂടും. സംഘര്‍ഷം ഒഴിവാക്കി സമാധാനം നിലനിര്‍ത്തുന്നതിന് എല്ലാവരും സഹകരിക്കണം.
ജനങ്ങള്‍ക്കിടയില്‍ സമാധാനബോധം സൃഷ്ടിക്കുന്നതിന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പോലീസ് സ്വീകരിച്ച നടപടികളെപ്പറ്റി മുവാറ്റുപുഴ ഡിവൈ എസ്പി ആര്‍. ബിജുമോന്‍ വിശദീകരിച്ചു. എല്ലാ കേസുകളിലും അന്വേഷണം നടത്തിവരുകയാണെന്നും ഒരാളെ അറസ്റ്റു ചെയ്തതായും അദ്ദേഹം അറിയിച്ചു.
സി.പി.എം ബി.ജെ.പി പ്രതിനിധികള്‍ കൈകൊടുത്താണ് പിരിഞ്ഞത്. യോഗത്തില്‍ എ.ഡി.എം സി.കെ പ്രകാശ്, ആര്‍.ഡി.ഒ രാമചന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുനില്‍കുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."