പിറവത്തു നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടത്തോടെ കാഞ്ഞിരപ്പിള്ളിക്ക്
കൂത്താട്ടുകുളം: കെ.എസ്.ആര്‍.ടി.സി പിറവം ഡിപ്പോയില്‍ നിന്നുള്ള ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ കൂട്ടത്തോടെ ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളായി കാഞ്ഞിരപ്പിള്ളിക്ക് സര്‍വീസ് തുടങ്ങി. ഡിപ്പോ തുടങ്ങിയ കാലം മുതല്‍ പാലാ എറണാകുളം ചെയിന്‍ സര്‍വീസായി ഓടിയിരുന്ന ബസുകളാണ് ഏകപക്ഷീയമായി കാഞ്ഞിരപ്പിളളി വരെ നീട്ടിയത്. ഇതു മൂലം കൂത്താട്ടുകുളം പാലാ റൂട്ടില്‍ ഡ്രിപ്പുകള്‍ കുറഞ്ഞിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ മുതല്‍ നടത്തിയ പരിഷ്‌കാരം യാത്രക്കാരെ ഏറെ വലച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം ഈ ബസുകളുടെ സ്റ്റോപ്പുകളുടെ എണ്ണവും കുറച്ചതാണ് യാത്ര ദുരിതത്തിന് കാരണമായത്. എറണാകുളം കാഞ്ഞിരപ്പിള്ളി റോഡില്‍, വൈറ്റില, തൃപ്പൂണിത്തുറ, നടക്കാവ്, മുളന്തുരുത്തി പള്ളിത്താഴം, ആരക്കുന്നം, പിറവം, ഓണക്കൂര്‍പാലം, വാളിയാപ്പാടം, കൂത്താട്ടുകുളം, അമനകര, രാമപുരം, ചക്കാമ്പുഴ, പാല, ഭരണങ്ങാനം, തിടനാട്, മൂന്നാം മൈല്‍ എന്നിവയാണ് ഫെയര്‍ സ്റ്റേജ് സ്റ്റോപ്പുകള്‍.
ഓര്‍ഡിനറി നിരക്കെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും മുകളില്‍ പറഞ്ഞവ ഒഴികെ മറ്റ് സ്റ്റോപ്പുകളില്‍ നിന്നും യാത്രക്കാര്‍ കയറിയാല്‍ അതിനു തൊട്ടുമുമ്പുള്ള ഫെയര്‍ സ്റ്റേജ് നിരക്ക് നല്‍കേണ്ടി വരും.
തിരുമാറാടിയില്‍ നിന്നും 9 രൂപയ്ക്ക് കൂത്താട്ടുകുളത്തു എത്താമായിരുന്ന സ്ഥാനത്തു ഇപ്പോള്‍ 12 രൂപ നല്‍കണം. നിലവില്‍ പാല, ഈരാറ്റുപേട്ട, കൂത്താട്ടുകുളം, പിറവം, എറണാകുളം ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ പരസ്പര ധാരണയില്ലാതെ ഈ റൂട്ടില്‍ മത്സരിച്ചോടുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. ഒരേ റൂട്ടില്‍ ഒരേ സമയത്ത് നാലും അഞ്ചും ബസുകള്‍ ഒന്നിച്ചാണ് സര്‍വിസ് നടത്തുക. പിന്നീട് മണിക്കൂറുകളോളം ബസില്ലാത്ത അവസ്ഥയാണ്.
യാത്രക്കാര്‍ക്ക് ഒരു പ്രയോജനവും ഇല്ലാത്ത ഈ പരിഷ്‌കാരം തുടങ്ങും മുമ്പ് അറിയിപ്പുകള്‍ നല്‍കാത്തതിനാല്‍ തിങ്കളാഴ്ച നിരവധി യാത്രക്കാര്‍ പുതിയ ക്രമീകരണമറിയാതെ വഴിയില്‍ കുടുങ്ങി.
പുതിയ പരിഷ്‌കാരം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരിക്കുയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."