ട്രംപിനെതിരേ ലോകരാജ്യങ്ങള്‍ ഒന്നിക്കണം: എസ്.കെ.എസ്.എസ്.എഫ്
ആലുവ: ഇസ്‌ലാമിനെതിരെയും മുസ്‌ലിംകള്‍ക്കെതിരെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന പരാമര്‍ശങ്ങളും നടപടികളും അങ്ങേയറ്റം അപലപനീയമാണെന്നും ലോക സമാധാനത്തിന് വിഘാതമാകുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ അമേരിക്കന്‍ ജനത ഉള്‍പ്പെടെ ലോകസമൂഹം രംഗത്ത് വരണമെന്നും എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നത് അപഹാസ്യമാണെന്നും ലോകത്ത് മര്‍ദനം ഏല്‍ക്കേണ്ടിവരുന്ന മുസ്‌ലിംകള്‍ അടക്കമുള്ള അഭയാര്‍ത്ഥികളെ തടയുന്നത് വിവേകശൂന്യതയാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അതേസമയം ട്രംപിന്റെ മാനവികവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ചില രാഷ്ട്രനേതാക്കള്‍ മുന്നോട്ടുവരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നം പ്രമേയം പറയുന്നു.
ആലുവ സമസ്ത ജില്ലാ കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ നൗഫല്‍ കുട്ടമശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. ബാബു ചാലയില്‍, അബ്ദുള്‍ ഖാദര്‍ ഹുദവി, മുഹമ്മദ് അന്‍സാരി വാഫി, കെ.കെ അബ്ദുള്ള, സിദ്ദീഖ് ചിറപ്പാട്ട്, ജിയാദ് നെട്ടൂര്‍ തുടങ്ങിവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി സിദ്ദീഖ് കുഴിവേലിപ്പടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."