കാത്തിരിപ്പിന് വിരാമം; രാഷ്ട്രപിതാവ് മോചിതനായി
പൂച്ചാക്കല്‍: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാശ്ചാദനത്തിനായുള്ള കാത്തിരിപ്പിനു വിരാമം. നിരവധി തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിമയുടെ മറനീക്കി തുറന്നുകൊടുത്തു.ഇന്നലെ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിലാണു വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.
2015ഒക്ടോബര്‍ രണ്ടിന് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ കോണ്‍ഗ്രസ് ഭരണസമിതിയാണ് ഗാന്ധിപ്രതിമ നിര്‍മിച്ചത്.
നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാല്‍ പ്രതിമ ശില്‍പിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് നിലവിലെ എല്‍ഡിഎഫ് പഞ്ചായത്ത് സമിതിയുടെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടോമി ഉലഹന്നാന്റെയും പഞ്ചായത്ത് ഓഫിസ് വളപ്പില്‍ പ്രതിമ സ്ഥാപിക്കുകയും ഔദ്യോഗിക അനാശ്ചാദനത്തിനായി ടര്‍പ്പോള ഉപയോഗിച്ചു മറച്ചിരിക്കുകയുമായിരുന്നു.ഈ മറയാണ് ഇന്നലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ നീക്കിയത്.
ഇന്നലെ വൈകിട്ട് അഞ്ചിനു പ്രതിമ അനാശ്ചാദനം ചെയ്യാമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം സമ്മതിച്ചിരുന്നെന്നും എന്നാല്‍ അനാശ്ചാദനം മറ്റൊരു ദിവസത്തേക്കു മാറ്റാമെന്നു 4.40ന് പ്രസിഡന്റ് പറയുകയും ചെയ്തതിനാലാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിമയുടെ മറനീക്കിയതെന്നു ടോമി ഉലഹന്നാന്‍ പറഞ്ഞു.
എന്നാല്‍ അനാശ്ചാദനം ആവശ്യപ്പെട്ട് രാവിലെ10നാണ് ടോമി ഉലഹന്നാന്‍ തന്നെ സമീപിച്ചതെന്നും ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായതിനാല്‍ ചെയ്യാമെന്നു സമ്മതിച്ചെന്നും എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയില്ലെന്നു മനസിലായതിനാലാണ് തീരുമാനം മാറ്റിയയതെന്നും പ്രസിഡന്റ് പറഞ്ഞു.
ഗാന്ധിപ്രതിമ കൂടാതെ പഞ്ചായത്തിന്റെ പകല്‍വീട്,മത്സ്യഭവന്‍, സിഡിഎസ് ഓഫീസ്, ഫ്രണ്ട് ഓഫീസ് സംവിധാനം തുടങ്ങിയവ ഒരുമിച്ചു മന്ത്രി ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചു ഉദ്ഘാടനം ചെയ്യാനാണ് മുന്‍തീരുമാനമെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."