ചേര്‍ത്തല നഗരത്തിലെ കവലകള്‍ വികസിപ്പിക്കുന്നു
ചേര്‍ത്തല: വടക്കേ അങ്ങാടിക്കവല വികസനം സ്ഥലമെടുപ്പു നടപടികളിലേക്കു കടക്കുമ്പോള്‍ നഗരത്തിലെ നാല് കവലകള്‍ക്കുകൂടി വികസന സാധ്യത തെളിയുന്നു. കോടതിക്കവല, സെന്റ് മേരീസ് കവല, ആശുപത്രി, തെക്കേ അങ്ങാടിക്കവലകളാണ് വികസിപ്പിക്കുന്നത്.
ഇടുങ്ങിയ കവലകള്‍ നഗരത്തിന്റെ വികസനത്തിന് വിലങ്ങായിരുന്നു. നഗരത്തിന്റെ വടക്കന്‍ കവാടമായ വടക്കേ അങ്ങാടിക്കവല വികസിപ്പിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടും നടപടികളാകാതെ കിടക്കുകയായിരുന്നു.
മന്ത്രി പി തിലോത്തമന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് രണ്ടുകോടി അനുവദിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
സര്‍ക്കാരും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കോടതിക്കവല, ആശുപത്രിക്കവല, തെക്കേ അങ്ങാടി, സെന്റ് മേരീസ് കവല എന്നിവിടങ്ങളും വികസിപ്പിക്കുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പുമായി പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞു.
കവലകള്‍ക്കായി പ്രത്യേക പദ്ധതികള്‍ സമര്‍പ്പിക്കാന്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാര്യമായി സ്ഥലം ഏറ്റെടുക്കാതെ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കവലയുടെ മാതൃകയിലായിരിക്കും നാലുകവലകളും വികസിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."