കാലാവസ്ഥാവ്യതിയാനത്തില്‍ ആദ്യ ദുരന്തം നേരിടേണ്ടത് വേമ്പനാട്ട് കായല്‍; ആശങ്കകള്‍ പങ്കുവച്ച് സെമിനാര്‍
ആലപ്പുഴ: കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ലോകത്തെ ഏറ്റവും ദുര്‍ബ്ബലമായ മേഖലയാണ് വേമ്പനാട്- കോള്‍ തണ്ണീര്‍ത്തടമെന്ന് കേന്ദ്ര തണ്ണീര്‍ത്തട നിയന്ത്രണ അതോറിറ്റി അംഗവും ജലവിഭവ വികസന വിനിയോഗകേന്ദ്രം ഗവേഷണ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ.ഇ.ജെ.ജയിംസ് പറഞ്ഞു.
വേമ്പനാട്ടുകായലും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തില്‍ കോട്ടയം കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ അവതരണം നടത്തുകയായിരുന്നു അദ്ദേഹം.വേമ്പനാട്ടുകായലിന്റെയും തണ്ണീര്‍ത്തടത്തിന്റെയും പ്രായം തീരെ കുറവാണ്. 1531ലും 1603ലും ഡച്ചുകാര്‍ തയ്യാറാക്കിയ മാപ്പില്‍പോലും ഇപ്പോഴത്തെ കായലോ പ്രദേശമോ ഇല്ല. പഴക്കമില്ലാത്തതുകൊണ്ടുതന്നെ തീരെ ദുര്‍ബലമാണ് നിലനില്‍പ്പ്. കാലാവസ്ഥാ വ്യതിയാനം ഈ ദുര്‍ബലാവസ്ഥ വര്‍ധിപ്പിക്കും.
2100 ആകുമ്പോള്‍ 0.5 മീറ്റര്‍ എങ്കിലും സമുന്ദ്രനിരപ്പ് ഉയരുമെന്ന് ഗവേഷകര്‍ പറയുന്നൂ. കൂടുതലായി ആഗോള താപവനം സംഭവിക്കുന്ന പക്ഷം 2085 ഓടെ ഒരു മീറ്റര്‍ ഉയരുമെന്നും പ്രവചിക്കുന്നവരുണ്ട്. അങ്ങനെയാണെങ്കില്‍ ആദ്യം കേരളത്തില്‍ ഇല്ലാതാകുന്നത് വേമ്പനാട്ട് കായലും പരിസരവും ആയിരിക്കുമെന്ന് ഇ.ജെ.ജെയിംസ് ചൂണ്ടിക്കാട്ടി.
ആഗോളതാപനത്തിന് പ്രതിരോധം സൃഷ്ടിക്കാനുള്ള നടപടികളില്‍ നിന്ന് അമേരിക്ക പിന്നോട്ട് പോകുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഇപ്പോഴത്തെ നിലയില്‍ 2030 ഓടെ രണ്ട് ഡിഗ്രിയെങ്കിലും അന്തരീക്ഷ താപം ഉയരുമെന്ന് കരുതുന്നു. ഓരോ ഡിഗ്രി താപനില കൂടുമ്പോഴും മത്സ്യ-കാര്‍ഷിക ഉല്‍പ്പാദനത്തില്‍ ആറ് ശതമാനം കുറവുവരുമെന്ന് പ്രതീക്ഷിക്കണം. വെള്ളപ്പൊക്കം, കടലാക്രമണം തുടങ്ങിയവ തീരദേശമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. കേരളത്തില്‍ എഴുപത് ശതമാനം പേര്‍ കിണര്‍വെള്ളം കുടിക്കുന്നവരാണ്. 85 ശതമാനം കിണര്‍ വെള്ളവും കുടിക്കാന്‍ യോഗ്യമല്ല. കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഗൗരവമായ പുനര്‍ചിന്തനം വേണ്ടിവരും.
കേരളത്തിന്റെ തീരദേശമേഖലയില്‍ കുടിവെള്ള വിതരണത്തിനുള്ള ഇപ്പോഴത്തെ സംവിധാനത്തിന് പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. അതിദുര്‍ബ്ബലമേഖലയായ വേമ്പനാട്ടുകായലും ചുറ്റുമുള്ള പ്രദേശങ്ങളും കാലാവസ്ഥ അഭയാര്‍ഥികളെ സൃഷ്ടിക്കാന്‍ ഏറെ സാധ്യത കാണുന്ന ഭാഗമാണെന്ന് അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി പത്മകുമാര്‍ പറഞ്ഞു. ജൈവവ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ കൃഷിരീതി കണ്ടെത്തി നടപ്പാക്കിയ നമ്മൂടെ പൂര്‍വികരായ കര്‍ഷകരെ ആദരിക്കേണ്ടതാണ്. കൃഷിയെ വ്യവസായമായി കണ്ടപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
ഉല്‍പ്പന്നങ്ങള്‍ക്ക് ഒപ്പം കാര്‍ബണ്‍ ടാഗ് ചേര്‍ക്കുകയും കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടി വരുന്ന കാലമാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോസിലില്‍ നിന്ന് ഹരിത ഇന്ധനത്തിലേക്കും മണ്ണ് സംരക്ഷണത്തിലേക്കും നമ്മള്‍ മാറണം. വേമ്പനാട്ടുകായലിലെ കക്കകള്‍ ജലശുദ്ധീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം മേധാവി ഡോ.എസ്.ലീനകുമാരി, എസ്.ഡി കോളജ് പ്രൊഫ.ഡോ.നരേന്ദ്ര പ്രഭു, കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം, ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കച്ചേരി, ഡോ. ജോര്‍ജ് എബി, ഡോ.എം.എസ്.ശൈലേഷ് ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."