റിസോര്‍ട്ട് മാഫിയ കുടിവെള്ള പദ്ധതി കയ്യേറിയതായി പരാതി
രാജാക്കാട്: മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സ്‌കാര്യ വ്യക്തിയും റിസോര്‍ട്ട് മാഫിയയും കുടിവെള്ള പദ്ധതി കയ്യേറിയതായി പരാതി.
കയ്യേറ്റത്തിന് പഞ്ചായത്ത് പ്രസിഡന്റിന്റേയും വാര്‍ഡുമെമ്പറുടേയും ഒത്താശയുണ്ടെന്ന ആരോപണം ശക്തമാണ്. ഇവിടുത്തെ കുടുംബങ്ങള്‍ക്ക് വീട്ടാവശ്യത്തിന് വാഹനത്തില്‍ വെള്ളമെത്തിക്കുന്നതിന് ഇപ്പോള്‍ ആഴ്ചയില്‍ നാല്‍പ്പതിനായിരത്തിലധികം രൂപ മുടക്കാണ്. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ അരക്കോടിയോളം രൂപ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന സേനാപതി പഞ്ചായത്തിലെ ആവണക്കുംചാല്‍-അറയ്ക്കപ്പടി കുടിവെള്ളപദ്ധതിയാണ് റിസോര്‍ട്ട് ഉടമ കയ്യടക്കിയിരിക്കുന്നത്. 15 വര്‍ഷമായി മുപ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയുടെ കുളമിരിക്കുന്ന സ്ഥലത്തേയ്ക്ക് വഴി നിക്ഷേധിച്ചതോടെയാണ് പമ്പുഹൗസിലേയ്ക്ക് എത്താന്‍ കഴിയാതെ കുടിവെള്ളം മുട്ടിയത്.
ഇതോടെ സ്വകാര്യ വ്യക്തി കുളത്തില്‍ മറ്റൊരു മോട്ടോര്‍ സ്ഥാപിച്ച് രണ്ട് കിലോമീറ്ററോളം അകലെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയാക്കായി സ്ഥാപിച്ചിരിക്കുന്ന ടാങ്കില്‍ വെള്ളമെത്തിച്ച് സ്വകാര്യ റിസോര്‍ട്ട് നിര്‍മ്മാണത്തിന് വേണ്ടി ഇവിടെ നിന്നും പമ്പ് ചെയ്യുന്നത്.
കുടിവെള്ളം മുട്ടിയതോടെ നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് കുര്യനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതിക്കുറിച്ച് അന്വേഷിക്കുവാന്‍ തയ്യാറാകാതെ വന്നതോടെ നാട്ടുകാര്‍ വീണ്ടും പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് ജോണി മമ്പള്ളിയ്ക്ക് പരാതി നല്‍കി. എന്നാല്‍ ഇദ്ദേഹം വരാമെന്ന് പറഞ്ഞതല്ലാതെ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.നിലവില്‍ കുടിവെള്ളമില്ലാത്തതിനാല്‍ പന്നിയാറില്‍ നിന്നും വാഹനത്തിലാണ് വീടുകളില്‍ വെള്ളമെത്തിക്കുന്നത്. വണ്ടിവാടക അടക്കം രണ്ടായിരം ലിറ്റര്‍ വെള്ളം വീട്ടിലെത്തുമ്പോള്‍ ആയിരത്തി അഞ്ഞൂറ് രൂപയാണ് ഒരു കുടുംബത്തിന് മുടക്ക് വരുന്നത്. സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന പദ്ധതി കയ്യേറി കുടിവെള്ളം മുട്ടിച്ചിട്ടും നടപടി എടുക്കാത്ത പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന്ന് മുന്നില്‍ കുടുംബമായി കുത്തിയിരുപ്പ് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."