വോളിബോള്‍ അക്കാദമി നിര്‍മ്മാണത്തിന് 46 ലക്ഷം അനുവദിച്ചു
ചെറുതോണി : ഇടുക്കി വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി സംസ്ഥാന സ്പോര്‍ട്സ് യുവജനകാര്യ ക്ഷേമവകുപ്പ് മുഖേന 46 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിന് എം.എല്‍.എ അറിയിച്ചു. വോളിബോള്‍ പ്രേമി കൂടിയായ എം.എല്‍.എ യുടെ പരിശ്രമ ഫലമായി സംസ്ഥാനത്ത് ആദ്യമായാണ് 2003-ല്‍ ഒരു വോളിബോള്‍ അക്കാദമി അനുവദിച്ചത്.
സ്വന്തമായി സ്ഥലസൗകര്യം ഇല്ലാതിരുന്നതിനാല്‍ വാഴത്തോപ്പിലുള്ള കെ.എസ്.ഇ.ബി കെട്ടിടത്തില്‍ അക്കാദമി താല്കാലികമായി പ്രവര്‍ത്തനമാരംഭിച്ചു. 2012-ല്‍ ഇടുക്കി ഐ.ഡി.എ സ്റ്റേഡിയത്തിനു സമീപം ജില്ലാപഞ്ചായത്ത് ആവശ്യമായ സ്ഥലം അനുവദിച്ചതിനെ തുടര്‍ന്ന് 1 കോടി 80 ലക്ഷം രൂപയുടെ ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടമായി ചുറ്റുമതിലിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 92 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
അക്കാദമിക്കു വേണ്ട സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണമായി ലഭ്യമാകുന്നതിന് ഇന്‍ഡോര്‍ കോര്ട്ടിനോടൊപ്പം ഔട്ട്ഡോര്‍ കോര്‍ട്ടും മികച്ച ഗ്രൗണ്ടും ആവശ്യമാണ്. വാഴത്തോപ്പില്‍ നിലവിലിരുന്ന താമസ സൗകര്യം അപര്യാപ്തമായതു മൂലം കഴിഞ്ഞ ജൂണ്‍മാസം മുതല്‍ വിദ്യാര്‍ഥികളെ ഇടുക്കി വോളിബോള്‍ അക്കാദമിയിലേക്ക് താല്കാലികമായി മാറ്റിയിരുന്നു. ഗ്രൗണ്ട് ലെവലിംഗും ഔട്ട്ഡോര്‍ കോര്‍ട്ടും കൂടി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും മത്സരങ്ങളും നടത്തുന്നതിന് അക്കാദമി പര്യാപ്തമായി മാറുമെന്നും നിര്‍മ്മാണം ആരംഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."