കായിക പരിശീലന ക്യാംപില്‍ മര്‍ദനം നടന്നതായി പരാതി
പത്തനംതിട്ട: കായിക പരിശീലന ക്യാമ്പില്‍ റാഗിങ്ങും മര്‍ദനവും നടന്നതായി പരാതി. കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച കുട്ടികള്‍ക്കുള്ള 'ദിശ-2017' കായിക പരിശീലന ക്യാമ്പില്‍ ഞായറാഴ്ചയാണ് സംഭവം.
കടമ്മനിട്ട ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. ചില മുതിര്‍ന്ന കുട്ടികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ശ്രീരാജ്, നൗഫല്‍, സേതു, ഫെബിന്‍, പ്രിഥുന്‍, സജിത്ത്, അഭിഷേക്, പ്രമോദ് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനം ഏറ്റത്. ഇതില്‍ ശ്രീരാജിനാണ് കാര്യമായി മര്‍ദനമേറ്റത്. രാത്രി വിളക്കണച്ച ശേഷമാണത്രേ മര്‍ദിച്ചത്. ഉറങ്ങാന്‍ തുടങ്ങിയവരെ ചവിട്ടി ഉണര്‍ത്തുകയും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാഞ്ഞവരെ അടിച്ചോടിക്കുകയും ചെയ്തത്രേ.
കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും എത്തി കുട്ടികളെ ക്യാമ്പില്‍ നിന്നും തിരികെ കൊണ്ടുപോയി. പരാതിയെ തുടര്‍ന്ന് പിറ്റേന്ന് ആന്മമുള പൊലിസ് എത്തി.
എന്നാല്‍ പൊലിസിന്റെ മുന്നില്‍വച്ചും ചില കുട്ടികള്‍ക്ക് മര്‍ദനമേറ്റതായും പറയപ്പെടുന്നു. പൊലിസ് ഇത് തടയാന്‍ ശ്രമിച്ചില്ലെന്നും ഇരകളായ കുട്ടികള്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ അധ്യക്ഷത വഹിക്കുന്ന യൂനിറ്റ് ക്യാമ്പിലുണ്ടായ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും കലക്ടര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ 27ന് അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
പരിശീലന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട 150 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്നലെ സമാപിച്ചു.
ജില്ലാ പഞ്ചായത്ത് അധികൃതരെത്തി തെളിവെടുപ്പ് നടത്തി. സാമൂഹ്യക്ഷേമവകുപ്പും പരിശോധന നടത്തുകയും മര്‍ദനത്തിന് ഇരയായവരുടെ മൊഴി എടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."