ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കല്‍: കൊട്ടിയത്ത് പ്രക്ഷോഭം ശക്തമാകുന്നു
കൊല്ലം: കൊട്ടിയത്തു പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് തഴുത്തല വാലിമുക്കിലേക്കു മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയുള്ള സയുക്തസമരസമിതി പ്രക്ഷോഭം ശക്തമാകുന്നു. 20 അംഗ തൃക്കോവില്‍വട്ടം പഞ്ചായത്തു കമ്മിറ്റിയില്‍ 14 പേരും സമരത്തെ അനുകൂലിച്ചതോടെ പഞ്ചായത്തിലെ സി.പി.എമ്മിനുള്ളിലും അനൈക്യം പ്രകടമായി. സി.പി.എം നേതാവായ പഞ്ചായത്തംഗത്തിന്റെ ബന്ധുവിന്റെ കെട്ടിടത്തിലേക്കാണ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് തീരുമാനത്തിനു അനുകൂലമായി സി.പി.എമ്മിലെ ഒരു വിഭാഗം കരുക്കള്‍ നീക്കുന്നത്. പ്രതിമാസം 90,000 രൂപയാണ് പുതിയ കെട്ടിടത്തിനു വാടകയിനത്തില്‍ ലഭിക്കുക.
സമരം ശക്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ പഞ്ചായത്തിനെക്കൊണ്ടു ഔട്ട്‌ലെറ്റിനെതിരായ പ്രമേയം പാസാക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്. ഇതിന്റെ ഭാഗമായി ഇന്നു സംയുക്തസമരസമിതി നേതൃത്വത്തില്‍ രാവിലെ പത്തിന് പഞ്ചായത്തോഫീസ് മാര്‍ച്ചും ഉപരോധവും നടക്കും. കേരളാ ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 24ന് ആരംഭിച്ച രാപകല്‍ സമരം പ്രദേശത്തു നടന്നുവരുകയാണ്.
തഴുത്തല ഗണപതിക്ഷേത്രം,കണ്ണനല്ലൂര്‍ ജുമുഅ മസ്ജിദ്, നീരൊഴുക്ക് മസ്ജിദ്, ഖാദിസിയ്യാ ഇസ്ലാമിക് കോംപ്ലക്‌സ്, നാഷണല്‍ പബ്ലിക്ക് സ്‌കൂള്‍, ശ്രീ ചിത്തിരതിരുന്നാള്‍ സ്മാരക സെന്‍ട്രല്‍ സ്‌കൂള്‍, തഴുത്തല കുരിശ്ശടി തുടങ്ങിയ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രദേശത്തു പ്രവര്‍ത്തിക്കുന്നതായി സമരസമിതി നേതാക്കളായ വാര്‍ഡംഗവും ജനറല്‍ കണ്‍വീനറുമായ പി തുളസീഭായി, പി ഷിജാര്‍, അസനാരുകുഞ്ഞ്, ഇടവന സുരേന്ദ്രനാഥ്, ആര്‍ ശ്രീപ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സമരരംഗത്തു സജീവമാണ്. സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ സമരത്തിനുണ്ട്. മുഖ്യമന്ത്രി, എക്‌സൈസ്മന്ത്രി,ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്കു പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. സ്ഥലം എം.എല്‍.എകൂടിയായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമരസമിതി ഭാരവാഹികളോട് മോശമായ പരാമര്‍ശമാണ് ഇക്കാര്യത്തില്‍ നടത്തിതെന്നും ഇതില്‍ പ്രതിഷേധമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."