ഏനാത്ത് സമാന്തര പാത: ഗതാഗതക്കുരുക്കിന് കാരണമായി വൈദ്യുതി പോസ്റ്റുകളും വീതികുറഞ്ഞ റോഡും
കൊല്ലം: ഏനാത്തു പാലം തകര്‍ന്നതോടെ സമാന്തര പാതയായി ഉപയോഗിക്കുന്ന മൈലം-പട്ടാഴി-മെതുകുമ്മേല്‍-ഏനാത്തു റോഡില്‍ ഗതാഗതക്കുരുക്കിന് കാരണമായി വൈദ്യുതി പോസ്റ്റുകളും റോഡിന്റെ വീതികുറവും. തിരുവനന്തപുരത്തു നിന്നു കോട്ടയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങളാണു ഇതു വഴി തിരിച്ചുവിട്ടിരിക്കുന്നത്.
വീതി കുറഞ്ഞ റോഡില്‍ വശത്തു പലയിടങ്ങളിലായി വൈദ്യുതി പോസ്റ്റുകള്‍ നില്‍ക്കുന്നതു മൂലം വശം കൊടുക്കാനാവാതെ മണിക്കൂറുകളാണു വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെടുന്നത്. ഏനാത്തു പാലം ഗതാഗതയോഗ്യമാക്കാന്‍ കുറഞ്ഞതു ആറു മാസമെങ്കിലും വേണ്ടിവരുമെന്ന വിലയിരുത്തല്‍ ഇതു വഴിയുള്ള യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിക്കും. ദീര്‍ഘദൂര യാത്രക്കാരാണു കൂടുതല്‍ വലയുന്നത്. പട്ടാഴി, ആറാട്ടുപുഴ, താമരക്കുടി എന്നിവിടങ്ങളിലാണു കൂടുതല്‍ കുരുക്ക് അനുഭവപ്പെടുന്നത്.
ചെറിയ വാഹനങ്ങള്‍ എം.സി റോഡിനു സമാന്തരമായ മറ്റു ചെറിയ റോഡുകള്‍ വഴി തിരിച്ചുവിട്ടു ബസുകള്‍ മാത്രം പട്ടാഴി വഴി വിടണമെന്ന അഭിപ്രായവും ശക്തമാണ്. ഫെബ്രുവരി 12നു നടക്കുന്ന പട്ടാഴി പൊങ്കാലയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണെത്തുക. ഈ ദിവസങ്ങളില്‍ സാധാരണ ഗതിയില്‍ പട്ടാഴിയില്‍ നിന്നു തിരിയാന്‍ സ്ഥലമുണ്ടാകില്ല. ബസുകള്‍ വഴിതിരിച്ചു വിട്ടതോടെ ഇത്തവണ മറ്റു ഗതാഗതക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."