നാലരപ്പതിറ്റാണ്ടിന്റെ ഓര്‍മകള്‍
അറുപതുകളുടെ അവസാനം. കണ്ണൂര്‍ തെക്കി ബസാറില്‍ കുറേ വക്കീല്‍ ഓഫിസുകള്‍. ബോര്‍ഡുകള്‍ക്കിടയില്‍ ഒരു വക്കീലിന്റെ ബോര്‍ഡ് കണ്ണിലുടക്കി. അഡ്വ. ഇ. അഹമ്മദ് ബി.എ.ബി.എല്‍. കണ്ണൂരില്‍ ന്യായാധിപനായെത്തിയ ബാപ്പയെ കാണാനും പരിചയപ്പെടാനും ഒട്ടേറെ അഭിഭാഷകര്‍ വന്നിരുന്നു. ആ കൂട്ടത്തില്‍ ഏറ്റവും സുമുഖനായ ഒരു ചെറുപ്പക്കാരനെ കാണിച്ച് ബാപ്പ പറഞ്ഞതോര്‍ക്കുന്നു: ''ഇത് എം.എല്‍.എയാണ്. വലിയ ലീഗ് നേതാവണ്''. 1967ല്‍ കണ്ണൂരില്‍നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 29 വയസ്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. സ്‌കൂളിലേക്കുള്ള യാത്രയാണെന്നത് മറന്നു, നോക്കിനിന്നു.
രണ്ടു മൂന്ന് ചെറുപ്പക്കാര്‍ ഇറങ്ങിവരുന്നു. ആ കൂട്ടത്തില്‍ ആ മുഖവും. ഞാന്‍ വെളുക്കെചിരിച്ചു. എന്റെ മുന്നിലൂടെ അവര്‍ നടന്നുപോയി. എന്നെ കണ്ടതായി ഭാവിച്ചില്ല. വീട്ടില്‍ വന്നപ്പോള്‍ എന്തൊരു സ്‌നേഹമായിരുന്നു. പരിഭവം തോന്നിയെങ്കിലും തെക്കി ബസാറിലെത്തുമ്പോള്‍ ഇ. അഹമ്മദിന്റെ ഓഫിസിലേക്കുള്ള എത്തിനോട്ടം തുടര്‍ന്നു. വശ്യസുന്ദരമായ ആ മുഖവും നെറ്റിയിലേക്ക് തെറിച്ചു നില്‍ക്കുന്ന മുടിയും ആരെയും ആകര്‍ഷിക്കുന്ന ശരീര ഭാഷയും. മൊത്തത്തില്‍ അദ്ദേഹം എന്റെ മനസിനെ വല്ലാതെ സ്വാധീനിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഒരു യുവ നേതാവിനോടു തോന്നിയ വല്ലാത്തൊരിഷ്ടം. മുസ്‌ലിം ലീഗിന്റെ ഏറ്റവും വലിയ നേതാക്കളായ ബാഫഖി തങ്ങളും സി.എച്ചുമുള്‍പ്പെടെ പലരെയും അടുത്തു കാണാനും ബന്ധപ്പെടാനും അവസരമുണ്ടായിട്ടുണ്ട്. ന്യായാധിപനാവും മുന്‍പ് മുസ്‌ലിം ലീഗ് രംഗത്തുണ്ടായിരുന്ന ബാപ്പ വ്യക്തി ബന്ധം തുടരുന്നുണ്ടായിരുന്നു.
കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളിലാണ് ഞാനും അനുജന്‍ നാസറും പഠിക്കുന്നത്. പൊലിസ് മൈതാനത്തിന് എതിര്‍വശത്ത് സ്‌കൂളിനു പുതിയ വലിയ ഇരുനിലക്കെട്ടിടം. ഉദ്ഘാടകന്‍ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. ഉദ്ഘാടന ദിവസം രാവിലെ എട്ടിനു കണ്ണൂര്‍ തളാപ്പില്‍ ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ സി.എച്ച് വരുന്നതായി രണ്ട് ദിവസം മുന്‍പ് തിരുവനന്തപുരത്തുനിന്ന് അദ്ദേഹം വിളിച്ച് ബാപ്പയോട് പറഞ്ഞിരുന്നു. ബ്രേക്ക് ഫാസ്റ്റ് വേണമെന്നും പറഞ്ഞു. കൃത്യസമയത്തിനു മുന്‍പുതന്നെ മന്ത്രിയെത്തി. കാറു നിറയെ ആളുകള്‍. സ്റ്റാഫും ലീഗ് നേതാക്കളും. ആ കൂട്ടത്തിലും ഇ. അഹമ്മദ്. പിന്നെ ഒ.കെ മുഹമ്മദ് കുഞ്ഞി, അസീസ് വക്കീല്‍ തുടങ്ങിയവര്‍. ഉമ്മയോടും എന്നോടും അനുജനോടുമൊക്കെ സി .എച്ച് കുശലം പറഞ്ഞു. ഇതിനിടയില്‍ ബാപ്പ അഹമ്മദ് സാഹിബിനോട് പറഞ്ഞു: ''ഇവര്‍ നിങ്ങളോട് പരിഭവത്തിലാണ്. നിങ്ങള്‍ കണ്ടിട്ട് സംസാരിച്ചില്ലെന്നാ പരാതി ''. അഹമ്മദ് സാഹിബ് കാര്യമന്വേഷിച്ചു. ഓഫിസിനടുത്തു കണ്ടിട്ട് ശ്രദ്ധിക്കാത്ത കാര്യം ഞങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കാണാതെ പോയതില്‍ സോറി പറഞ്ഞു. കൈപിടിച്ച് കുറേ സംസാരിച്ചു.
ആ സ്‌നേഹ ബന്ധം ഈ നാലര പതിറ്റാണ്ട് തുടര്‍ന്നു. 1976ല്‍ ഞാന്‍ ചന്ദ്രികയില്‍ സഹപത്രാധിപരായപ്പോള്‍ അദ്ദേഹം ഡയറക്ടറായി. മാധ്യമങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം ശ്രദ്ധേയമാണ്. ഇന്ത്യയിലെ പ്രമുഖരായ മാധ്യമ സാരഥികള്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ നല്ല സുഹൃത്തുക്കളായിരുന്നു. തുടക്കം മുതല്‍തന്നെ അതങ്ങനെയാണ്.
ഒരിക്കല്‍ സി.എച്ച് പറഞ്ഞു: ''നമ്മള്‍ എവിടെയെങ്കിലും പോയാല്‍ നല്ല ഹോട്ടല്‍ എവിടെയാണ്, നല്ല ഭക്ഷണം എവിടെ കിട്ടും, എയര്‍പോര്‍ട്ടും റെയില്‍വേ സ്റ്റേഷനും എവിടെയാണ്, ഗസ്റ്റ് ഹൗസ് എവിടെ ഇതൊക്കെയല്ലേ നോക്കുക. അഹമ്മദ് അങ്ങനെയല്ല. യു.എന്‍.ഐ എവിടെ, പി.ടി.ഐ എവിടെ, ആകാശവാണി എവിടെ, പത്രം ഓഫിസുകള്‍ എവിടെ ഇതൊക്കെയാണ് അന്വേഷിക്കുക.''
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സി.എച്ചിന്റെ പ്രസംഗം കേട്ടാണ് ലീഗ് രംഗത്തെത്തിയതെന്നു പറയാറുള്ള അഹമ്മദ് സാഹിബിനു കെ.എം സീതി സാഹിബുമായി വല്ലാത്ത ആത്മബ ന്ധമായിരുന്നു. ഡിഗ്രി കഴിഞ്ഞ് ലോ കോളജില്‍ ചേരാന്‍ തീരുമാനിച്ചപ്പോള്‍ സി.എച്ച് പറഞ്ഞത്രെ, തിരുവനന്തപുരം ലോ കോളജില്‍ ചേരാന്‍. അഹമ്മദ് സാഹിബ് പറഞ്ഞു: ''എറണാകുളത്താ നല്ലത്. ഹൈക്കോടതി അവിടെയാണല്ലോ''. സി.എച്ച് അര്‍ത്ഥം വച്ചൊന്ന് ചിരിച്ചു. സി.എച്ചിനറിയാമായിരുന്നു എറണാകുളത്ത് ഹൈക്കോടതിയുള്ളതല്ല സീതി സാഹിബുള്ളതാണ് കാരണമെന്ന്. 1957ല്‍സി എച്ച് നിയമസഭാംഗമാണ് സീതി സാഹിബ് അന്ന് എംഎല്‍എ അല്ല ഇക്കാര്യം അഹമ്മദ് സാഹിബ് പലപ്പോഴും പറഞ്ഞു ചിരിക്കുമായിരുന്നു.
1960ല്‍ സീതി സാഹിബ് സ്പീക്കറായപ്പോള്‍ തിരുവനന്തപുരത്തു അഹമ്മദ് സാഹിബിനെ കണ്ടപ്പോള്‍ സി.എച്ച് ചോദിച്ചു: 'ഹൈക്കോടതി തിരുവനന്തപുരത്തേക്കു മാറ്റിയോ'എന്ന്.
1977ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ സ്ഥാനാര്‍ഥിയായി അഹമ്മദ് സാഹിബ്. അതോടെ വീണ്ടും കോഴിക്കോടുകൂടി അദ്ദേഹത്തിന്റെ പ്രര്‍ത്തന ആസ്ഥാനമായി. കോഴിക്കോട് നടക്കാവില്‍ എന്റെ ഇക്കാക്ക അഷ്‌റഫിന്റെ വീട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താമസിക്കാന്‍ ഒരു മാസത്തേക്കു നല്‍കി. പൂനൂര്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ അദ്ദേഹം വന്‍ ഭൂരിപക്ഷം നേടി. കൊടുവള്ളി മണ്ഡലത്തിന്റെ സുവര്‍ണകാലമായിരുന്നു അഹമ്മദ് സാഹിബിന്റെ കാലം. 1982ല്‍ മന്ത്രിയായപ്പോഴും കൊടുവള്ളിക്ക് വലിയ പരിഗണന ലഭിച്ചു.
1996ല്‍ മഹിളാ ചന്ദ്രിക തുടങ്ങി. കമലാ സുരയ്യ പ്രകാശനം ചെയ്തു. നേതാവിന്റെ ഭാര്യ എന്ന പംക്തിയില്‍ ശിഹാബ് തങ്ങളുടെ ഭാര്യ, അന്നത്തെ മുഖ്യമന്തി എ.കെ ആന്റണിയുടെ ഭാര്യ, ഇ. അഹമ്മദിന്റെ ഭാര്യ എന്നിങ്ങനെയാണ് പ്ലാന്‍ ചെയ്തത്. ആദ്യത്തേത് രണ്ടും വന്നു. അഹമ്മദ് സാഹിബ് വലിയ താല്‍പര്യമെടുത്തിട്ടും ഭാര്യ സുഹറ വഴങ്ങിയില്ല. വളരെ പ്രയാസത്തോടെയാണ് ചായസല്‍ക്കാരമൊക്കെ നടത്തി അഹമ്മദ് സാഹിബ് ഞങ്ങളെ തിരിച്ചയച്ചത്. പിന്നെ മൂന്നാം ലക്കത്തില്‍ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഭാര്യയെ ഉള്‍പ്പെടുത്തി. അതു വായിച്ചപ്പോഴും അഹമ്മദ് സാഹിബ് പറഞ്ഞു. 'എന്റെ സുഹറക്ക് ഇതൊന്നും താല്‍പര്യമില്ല, നിങ്ങള്‍ വീട്ടില്‍ വന്ന ദിവസം ഞാന്‍ വിയര്‍ത്തു പോയി'.
ഞാന്‍ പത്രാധിപരായ ദിവസം ചന്ദ്രികയില്‍ വന്നു എന്നെ അഭിനന്ദിച്ച എന്റെ ഡയറക്ടര്‍ മലബാര്‍ പാലസില്‍ വിളിച്ച് എനിക്കൊരു ഡിന്നര്‍ തന്നു. എന്റെ വിവാഹം, എന്റെ മോളുടെ കല്യാണം തുടങ്ങി എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമുണ്ടായിരുന്നു.
ഞാന്‍ സുപ്രഭാതത്തിന്റെ മാനേജിങ് എഡിറ്ററായി ചുമതലയേറ്റപ്പോള്‍ തങ്ങളെയും കുഞ്ഞാലിക്കുട്ടി സാഹിബിനെയും കണ്ടു. തങ്ങള്‍ അനുവാദം തന്നു, ദുആ ചെയ്തു. കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു: 'മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പറായ നിങ്ങള്‍ സുപ്രഭാതത്തിന്റെ മാനേജിങ് എഡിറ്ററാകുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഞാനാണ് '. അഹമ്മദ് സാഹിബിനെ കാണാന്‍ പറ്റിയില്ല. എന്റെ അശ്രദ്ധയോ അലസതയോ ആവാം. ഫോണിലും ബന്ധപ്പെട്ടില്ല. അദ്ദേഹം എന്നെ വിളിച്ച് സന്തോഷവും അഭിനന്ദനവും അറിയിച്ചു. എനിക്കു വല്ലാത്ത കുറ്റബോധമുണ്ടായി. പിന്നീട് ഇടയ്ക്കിടെ വിളിക്കും. ഓരോ പുരോഗതിയും അന്വേഷിക്കും. പത്രം ഇറങ്ങുന്നതിനു മുന്‍പ് കുറഞ്ഞതു രണ്ടാഴ്ചയിലൊരിക്കലെങ്കിലും വിളിക്കും. മികച്ച പത്രമാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ തരും. ഉസ്താദുമാര്‍ കാണിക്കുന്ന താല്‍പര്യത്തില്‍ സന്തോഷം അറിയിക്കും. സത്യം പറഞ്ഞാല്‍ മുസ്‌ലിം ലീഗ് നേതാക്കളില്‍ ഏറ്റവും വലിയ പിന്തുണ തന്നത് അദ്ദേഹമായിരുന്നു. അഭാവത്തിലല്ല, പ്രകാശന ചടങ്ങിലും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അര നൂറ്റാണ്ടോളം വരുന്ന ഓര്‍മകള്‍ കുത്തിക്കുറിച്ചാല്‍ വായനക്കാര്‍ക്ക് വിരസത തോന്നാം. ആ വിരസത ഭയന്ന് ഞാന്‍ ചുരുക്കിക്കോട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."