'ഫയര്‍ ആന്‍ഡ് ഫ്യൂരി': പുസ്തകം നിറയെ അസംബന്ധങ്ങളെന്ന് ട്രംപ്
വാഷിങ്ടണ്‍: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പുറത്തിറങ്ങിയ പുസ്തകത്തിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മൈക്കല്‍ വോള്‍ഫ് രചിച്ച 'ഫയര്‍ ആന്‍ഡ് ഫ്യൂരി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ് ' എന്ന പുസ്തകം നിറയെ അസംബന്ധങ്ങളാണെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു. വൈറ്റ് ഹൗസിലേക്ക് വോള്ഫിന് പ്രവേശനം നല്‍കിയിട്ടില്ലെന്നും അദ്ദേഹവുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
'വ്യാജപുസ്തകം രചിച്ച ഗ്രന്ഥകര്‍ത്താവിന് വൈറ്റ് ഹൗസിലേക്ക് പ്രവേശനം നല്കിയിട്ടേയില്ല. നിരവധിതവണ അയാളുടെ ആവശ്യം തിരസ്കരിക്കുകയായിരുന്നു. പുസ്തകത്തിനുവേണ്ടി അയാളോട് സംസാരിച്ചിട്ടില്ല. പുസ്തകം പൂര്‍ണമായും നുണയും തെറ്റായ പുനരവതരണങ്ങളുമാണ്. അതില്‍ പറഞ്ഞിരിക്കുന്ന സ്രോതസുകള്‍ നിലനില്‍ക്കില്ല. ഇയാളുടെ ഭൂതകാലം പരിശോധിക്കുക. അയാള്‍ക്കും (മുന്‍ സഹായിയായിരുന്ന) സ്റ്റീവ് ബാനണും എന്താണു സംഭവിച്ചതെന്നു നോക്കുക'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ട്രംപിന് യാതൊരു വിശ്വാസ്യതയുമില്ലെന്ന് മൈക്കല്‍ വോള്‍ഫ് പ്രതികരിച്ചു. 'ഭൂമിയില്‍ ഇതുവരെ ജീവിച്ച എല്ലാവരെക്കാളും വിശ്വാസ്യത കുറഞ്ഞയാളാണ് ട്രംപ്. വൈറ്റ് ഹൗസിലെ ജീവനക്കാര്‍ പറയുന്നത് അദ്ദേഹം കുട്ടിയെപ്പോലെയാണെന്നാണ്. ഇയാള്‍ വായിക്കുകയോ ബാക്കിയുള്ളവരെ ശ്രവിക്കുകയോ ചെയ്യില്ല. പുസ്തക രചനയുടെ ഭാഗമായി മാസങ്ങളോളം ഞാന്‍ വൈറ്റ് ഹൗസില്‍ ചെലവഴിച്ചിട്ടുണ്ട് '-വോള്‍ഫ് പറഞ്ഞു.
അതിനിടെ, നിശ്ചയിച്ചതിലും നേരത്തെ പുസ്തകം മാര്‍ക്കറ്റുകളിലെത്തി. പുസ്തകത്തിന്റെ പ്രസാധനംതടയാന് ട്രംപിന്റെ അഭിഭാഷകര്‍ ശ്രമം നടത്തുന്നതിനിടെയാണിത്.
പുസ്തകത്തില്‍ ട്രംപിനെ കുറിച്ചും മരുമകനും ഉപദേഷ്ടാവുമായ ജാരദ് കുഷ്നറെ കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുണ്ട്.
മാസങ്ങള്‍ക്കുമുന്‍പ് ട്രംപ് പുറത്താക്കിയ വൈറ്റ് ഹൗസിലെ മുന്‍ സഹായി സ്റ്റീവ് ബാനണിനെ ഉദ്ധരിച്ചാണു മിക്ക വെളിപ്പെടുത്തലുകളും നടത്തുന്നത്. ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫലം പുറത്തുവന്നപ്പോള്‍ ആശ്ചര്യഭരിതനായിരുന്നു അദ്ദേഹമെന്നും പുസ്തകത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുകവഴി പ്രശസ്തി നേടാമെന്നു മാത്രമായിരുന്നു ട്രംപിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് ദിവസം ട്രംപിന്റെ ഭാര്യ മെലാനിയ ദുഃഖംകൊണ്ട് കരയുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
ജാരദ് കുഷ്നര്‍ റഷ്യന്‍ നയതന്ത്രവൃത്തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്.
200ഓളം അഭിമുഖങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണു വിവരം. കഴിഞ്ഞ ദിവസം പുസ്തകത്തിലെ ചെറിയ ഭാഗം 'ന്യൂയോര്‍ക്ക് ടൈംസ് ' പ്രസിദ്ധീകരിച്ചതോടെയാണു വിവാദങ്ങള്‍ക്കു തുടക്കമായത്.
അര്‍ധരാത്രിയില്‍ പ്രകാശനം;
മിനിറ്റുകള്‍ക്കകം വിറ്റുതീര്‍ന്നു
വാഷിങ്ടണ്‍: മൈക്കല്‍ വോള്‍ഫിന്റെ 'ഫയര്‍ ആന്‍ഡ് ഫ്യൂരി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ് 'എന്ന പുസ്തകം പ്രകാശനം ചെയ്ത് മിനിറ്റുകള്‍ക്കകം വിറ്റഴിഞ്ഞത് പതിനായിരക്കണക്കിനു കോപ്പികള്‍.
പ്രാദേശികസമയം വെള്ളിയാഴ്ച അര്‍ധരാത്രിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രകാശനം കഴിഞ്ഞ് 20 മിനിറ്റിനകംതന്നെ വാഷിങ്ടണ്‍ ഡി.സിയിലെ പ്രമുഖ പുസ്തകശാലകളിലെല്ലാം പുസ്തകം തീര്‍ന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുസ്തകത്തിന്റെ പ്രകാശനംകാത്ത് അര്‍ധരാത്രിവരെയും പുസ്തകശാലകള്‍ക്കു മുന്പില് നീണ്ട നിരയാണു പ്രത്യക്ഷപ്പെട്ടത്.
നേരത്തെ നിശ്ചയിച്ചതിലും നാലുദിവസം നേരത്തെയായിരുന്നു പ്രകാശനം. പ്രകാശനം തടയാനായി ട്രംപിന്റെ അഭിഭാഷകര്‍ നീക്കം നടത്തിയിരുന്നു.
അമേരിക്കന്‍ പ്രസാധനാലയമായ ഹെന്റി ഹോള്‍ട്ട് ആന്‍ഡ് കമ്പനിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് മൈക്കല്‍ വോള്‍ഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."