ജിഷ്ണു പ്രണോയ് ഒന്നാം ചരമവാര്‍ഷികം ഇന്ന്; സി.ബി.ഐ അന്വേഷണത്തില്‍ പ്രത്യാശയോടെ കുടുംബം
നാദാപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി വളയം സ്വദേശി ജിഷ്ണുപ്രണോയിയുടെ മരണത്തിന് ഇന്നേക്ക് ഒരുവര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി ആറിനാണ് കോളജില്‍ ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടത്. കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതോടെ തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍.
മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളും അന്തര്‍നാടകങ്ങളും അരങ്ങേറുകയുണ്ടായി. കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ജിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ സംസ്ഥാനത്തു നടന്നു. ഒടുവില്‍ സുപ്രിം കോടതിയുടെ ഇടപെടലിലൂടെയാണ് കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ടി വന്നത്. എന്നാല്‍ ഇതുവരെ സിബി.ഐ കേസന്വേഷണം ആരംഭിച്ചിട്ടില്ല. എഫ്.ഐ.ആറില്‍ വ്യാപക തിരിമറി നടന്നതായി നേരത്തേ തന്നെ ജിഷ്ണുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
ആദ്യ ഘട്ടത്തില്‍ കേരള പൊലിസ് കാണിച്ച നിസംഗത ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നിരാഹാരം ഇരുന്നതോടെ യാണ് മാറിയത്. ജിഷ്ണുവിന്റെ മരണത്തില്‍ ഫെബ്രുവരി പതിനാറിനാണ് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. കേസിലെ ഒന്നാംപ്രതി കൃഷ്ണ പ്രസാദിന് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയാക്കിയത് പ്രോസിക്യൂഷന്റെ പരാജയം മൂലമാണെന്ന് പരാതി ഉയര്‍ന്നതോടെ നേരത്തെ കേസില്‍ ഹാജരായ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. തുടര്‍ന്നു മുതിര്‍ന്ന അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.എന്നാല്‍ ഇദ്ദേഹം മറ്റൊരു കൊലക്കേസില്‍ പ്രതിയായതോടെ കേസ് വീണ്ടും ത്രിശങ്കുവിലായി.
നീതിക്കായുള്ള അമ്മയുടെ പോരാട്ടത്തെ പൊലിസ് നേരിട്ട രീതി കേരളത്തില്‍ ചര്‍ച്ചയാവുകയും ജനകീയ പിന്തുണ ഈ വീട്ടമ്മ നേടിയെടുക്കുകയും ചെയ്തു. ഇന്ന് വളയത്ത് നടക്കുന്ന ജിഷ്ണു അനുസ്മരണം സി.പി.എമ്മും നാട്ടുകാരും വ്യത്യസ്തമായാണ് ആചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."