അങ്കണവാടി പരിശീലന കേന്ദ്രങ്ങള്‍ക്ക് പ്രതിഫല കുടിശ്ശിക നല്‍കണം: മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ 15 അങ്കണവാടി ജീവനക്കാരുടെ പരിശീലന കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള പ്രതിഫലം അടിയന്തരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്. 2015-16 സാമ്പത്തികവര്‍ഷം പരിശീലനം സംഘടിപ്പിച്ച വകയിലുള്ള തുക നല്‍കാനാണ് ഉത്തരവ്.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് ശമ്പളം തടഞ്ഞു വച്ചിരിക്കുകയാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എന്നാല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു. നിലവില്‍ പ്രവര്‍ത്തിക്കുന്ന 14 മിഡില്‍ ലെവല്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷം തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്കിയ പശ്ചാത്തലത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം തയാറാക്കിയ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പരിശീലനം തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. കമ്മിഷന് ആക്റ്റിങ് ചെയര്പേഴ്സന് പി. മോഹനദാസിന്റേതാണ് ഉത്തരവ്.
പരിശീലന കേന്ദ്രങ്ങള്‍ മുന്‍കൂറായി ചെലവാക്കിയ തുക നല്‍കുന്നതിന് കാലതാമസം വരുത്തരുതെന്നും ഉത്തരവില്‍ പറയുന്നു. സി.ആര് ചന്ദ്രലേഖയും മറ്റുള്ളവരും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."