'നിയോം' പദ്ധതിയിലെ വൈദ്യുതി ഗതിഗോര്‍ജ്ജം ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ നീക്കം
റിയാദ്: ആധുനിക ലോകത്തിന്റെ എല്ലാ സാധ്യതകളും പരീക്ഷിക്കുന്ന സഊദിയുടെ സ്വപ്ന പദ്ധതിയായ നിയോമിലേക്കുള്ള വൈദ്യുതി ഗതിഗോര്‍ജ്ജം വഴി ഉത്പാദിപ്പിക്കാന്‍ നീക്കം. ഇതിനായുള്ള പദ്ധതികള്‍ സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരികുകയാണ് സഊദിയില്‍ നിന്ന് തന്നെയുള്ള എഞ്ചിനീയറിംഗ് സംഘം.
ചലനത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന തിയറിയാണ് ഇതെന്ന് ഇതിനു നേതൃത്വം നല്‍കുന്ന സംഘത്തിന്റെ തലവന്‍ മിശ്അല്‍ അല്‍ ഹസറാനി വ്യക്തമാക്കി. റോഡുകളിലൂടെ കടന്നു പോകുന്ന വാഹനത്തിന്റെ ടയറുകള്‍ കറങ്ങുമ്പോള്‍ ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ചുള്ള കൈനറ്റിക് എനര്‍ജിയാണ് ഇവിടെ ഉപയോഗിക്കുക.
പരിസ്ഥിതിക്ക് ദോഷമില്ലാത്ത ഹരിതോര്‍ജ്ജം ഉപയോഗിച്ചായിരിക്കും നിയോം പദ്ധതിയെന്നു പ്രഖ്യാപന സമയത്ത് തന്നെ ശില്‍പ്പിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞിരുന്നു. ഹസറാനിയുടെ നേതൃത്വത്തിലുള്ള രണ്ടു എന്ജിനീയറിംഗ് സംഘങ്ങളാണ് പുതിയ ഗതിഗോര്‍ജ്ജ ആശയം നടപ്പിലാക്കുന്നത്. നിരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ചെറിയ ടര്‍ബൈനുകള്‍ ഉപയോഗിച്ചാണ് വൈദുതി ഉത്പാദനം. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടയറുകള്‍ കറങ്ങുന്നത് മൂലം നിരത്തുകളില്‍ ഉണ്ടാകുന്ന മര്‍ദ്ദം, വേഗം എന്നിവയെ ആഗിരണം ചെയ്ത് പ്രത്യേക ടര്‍ബൈന്‍ വഴി വൈദ്യുതിയാക്കി മാറ്റപ്പെടുന്നതാണ് ഉത്പാദന രീതി. നിലവില്‍ രാജ്യത്ത് ഈ വിദ്യ എവിടെയും ഉപയോഗത്തിലില്ലാത്തതിനാല്‍ പദ്ധതി സൂത്രധാരനായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് സമര്‍പ്പിച്ചു കാത്തിരികുകയാണ് ഇവര്‍.
ഇതിനു മുന്‍പും വ്യത്യസ്തങ്ങളായ ആശയങ്ങള്‍ മുന്നില്‍ കണ്ടു വിവിധ കണ്ടു പിടിത്തങ്ങള്‍ നടത്തി പേറ്റന്റ് നേടിയ അല്‍ ഹസറാനി തന്റെ പുതിയ കണ്ടുപിടുത്തത്തിനും അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അനുമതി ലഭിച്ചാലുടന്‍ തന്നെ ഇത് പരീക്ഷിച്ചു ബോധ്യപ്പെടുത്താനാണ് നീക്കം. ലോകത്തിന്റെ സ്വപ്ന പദ്ധതിയായിരിക്കും നിയോം പദ്ധതിയെന്ന് പ്രഖ്യാപന സമയത്ത് തന്നെ വെളിപ്പെടുത്തുകയും ലോകത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ മനുഷ്യനായ സോഫിയയെന്ന റോബര്‍ട്ടിനെ പരിചയപ്പെടുത്തി അത്ഭുതം സൃഷ്ടിക്കുകയും ഇത്തരം റോബര്‍ട്ടിന് പാസ്‌പോര്‍ട്ട് നല്‍കി സഊദി നിയോം പദ്ധതി പ്രഖ്യാപന സമയത്ത് ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."