സിവില്‍ സ്റ്റേഷന്‍ സൗന്ദര്യവത്കരണം: ശുചീകരണ യജ്ഞം തുടങ്ങി
മലപ്പുറം: സിവില്‍ സ്റ്റേഷന്‍ കോംപൗണ്ട് സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശുചീകരണ യജ്ഞത്തിന് തുടക്കമായി. കലക്ടറേറ്റ് പരിസരത്തെ ചപ്പ്ചവറുകളും മറ്റും നീക്കം ചെയ്ത് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിയാണ് ശുചീകരണ ശ്രമദാനത്തിന് തുടക്കം കുറിച്ചത്. സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ സ്വന്തം ഓഫീസും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക്കുകളും കടലാസുകളും മറ്റ് മാലിന്യങ്ങശും വെവ്വേറെ ശേഖരിച്ച് സംസ്‌കരിക്കുകയാണ് ശുചീകരണ യജ്ഞത്തിന്റെ ആദ്യഘട്ടത്തില്‍ നിര്‍വഹിക്കുന്നത്. ശ്രമദാനം ജൂണ്‍ നാല് വരെ തുടരും.
യജ്ഞത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, എ.ഡി.എം. ബി.കൃഷ്ണകുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍, ഡി.ടി.പി.സി വളണ്ടിയര്‍മാര്‍, നഗരസഭാ ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. ശ്രമദാനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി.പി. ഹൈദരലി എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി.
ജൂണ്‍ അഞ്ച്- ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ 'ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ കാംപസ്' ആക്കി മാറ്റുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ കലക്ടറേറ്റ് വളപ്പില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും. തുടര്‍ന്ന് സിവില്‍ സ്റ്റേഷന്‍ സൗന്ദര്യവത്ക്കരിക്കുന്നതിനായി ഒരു വര്‍ഷത്തിനകം വിവിധ പദ്ധതികള്‍ നടപ്പാക്കും. ഒരു മാസത്തിനകം സിവില്‍ സ്റ്റേഷനിലെ വിവിധയിടങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൈവ- പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നതിനായി 100 ഓളം മാലിന്യ പെട്ടികള്‍ സ്ഥാപിക്കും. ഓഫീസുകളിലെ ഇ-മാലിന്യങ്ങള്‍ ശുചിത്വ മിഷന്റെ സഹായത്തോടെ ശേഖരിച്ച് ക്ലീന്‍ കേരള മിഷന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."