യുവാവിനെ വെട്ടിയ സംഭവം നാലു ബി.ജെ.പിക്കാര്‍ അറസ്റ്റില്‍
കയ്പമംഗലം: വഴിയമ്പലം കിഴക്ക് യുവാവിനെ വെട്ടി പരുക്കേല്‍പിച്ച സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
കയ്പമംഗലം പനമ്പിക്കുന്ന് കണ്ണോത്ത് ഉണ്ണികൃഷ്ണന്‍ (33), ചളിങ്ങാട് എല്‍.ബി.എസ് കോളനി പുത്തിരക്കാട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന ജിനോദ് (30), വഴിയമ്പലം കടവില്‍ വലിയപറമ്പില്‍ സുമേഷ് (38), പടിഞ്ഞാറെ വെമ്പല്ലൂര്‍ കുനിയാറ കോളനിയില്‍ കുറ്റിപ്പറമ്പില്‍ സന്ദീപ് (32), എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ സി.ഐ പി.സി.ബിജുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം. വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്റെ മകന്‍ മുഹമ്മദ് റാഫിക്കാണ് വെട്ടേറ്റത്. റാഫിയുടെ സഹോദരന്റെ കല്ല്യാണ തലേന്ന് സല്‍കാരവും ഗാനമേളയും കഴിഞ്ഞ് സമീപത്തെ ഗ്രൗണ്ടില്‍ ഇരുന്നിരുന്നവരെ മാരകായുധങ്ങളുമായി ഓട്ടോയിലെത്തിയ സംഘം ഇവിടെ ആരെയും ഇരിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞു കൊണ്ട് വാള്‍ വീശുകയും ചിതറിയോടുന്നതിനിടെ നിലത്തു വീണ റാഫിയെ പുറത്ത് വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. പിറ്റേ ദിവസം പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കോഴിക്കോട് ചേവായൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വെട്ടാനുപയോഗിച്ച വാളും മറ്റൊരു വാളും സമീപത്തെ ക്ഷേത്രത്തിനടുത്തുള്ള കൈതക്കാട്ടില്‍ നിന്നും കണ്ടെടുത്തു. ഈ കേസില്‍ പ്രശാന്ത് എന്ന ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതികളെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."