നാട്ടുക്കാര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്
തൃപ്രയാര്‍: പാലപ്പെട്ടിയിലേക്ക് മാറ്റിസ്ഥാപിച്ച ബിവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെടുന്ന നാട്ടുക്കാര്‍ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്.
ബിവറേജ് ഔട്ട്ലെറ്റ് ഉടന്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, മുസ്ലിംലീഗ് പാര്‍ട്ടികള്‍ ഔട്ട്ലെറ്റിലേക്ക് മാര്‍ച്ച് നടത്തി. ഔട്ട്ലെറ്റിന് 50 മീറ്റര്‍ അകലെവെച്ച് പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ഡി.സി.സി വൈസ് പ്രസിഡന്റ് ടി.യു ഉദയന്‍ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡണ്ട് കെ.വി.മോഹനന് അധ്യക്ഷനായി. ഇന്നലെ വൈകീട്ട് ബിവറേജസിന് സമീപം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കുടുംബയോഗം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി പിരിഞ്ഞു പോയതിന് പിന്നാലെ എടമുട്ടത്ത് നിന്ന് മുസ്ലിംയൂത്ത് ലീഗ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും ഔട്ട്ലെറ്റിലേക്ക് മാര്‍ച്ച് നടത്തി.
ഔട്ട്ലെറ്റിന് സമീപത്ത് വെച്ച് പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം.സനൗഫല്‍ ഉദ്ഘാടനം ചെയ്തു. പാലപ്പെട്ടിയിലേക്ക് മാറ്റിസ്ഥാപിച്ച ബിവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്പില് ബി.ജെ.പി വനിതാ മെമ്പര്‍മാര്‍ ഉപവാസസമരം നടത്തി.
പൊലിസിനെ ഉപയോഗിച്ച് ബിവറേജ് ഔട്ട്ലെറ്റ് ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് പറഞ്ഞു.
പാലപ്പെട്ടിയില്‍ ഏതാനും ദിവസം മുന്‍പ് മാറ്റിസ്ഥാപിച്ച ബിവറേജ് ഔട്ട്ലെറ്റിനെതിരെയുള്ള തുടര്‍ സമരങ്ങളുടെ ഭാഗമായാണ് ബി.ജെ.പി വനിതാ മെമ്പര്‍മാര്‍ ഏകദിന ഉപവാസ സമരത്തിനിറങ്ങിയത്.
വിവാദമായ ഔട്ട്ലെറ്റ് നിലനില്‍ക്കുന്ന വലപ്പാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍്ഡ് അംഗം ലെന്നി ഹരിദാസ്, പതിനേഴാം വാര്‍ഡ് അംഗം ബിന്ദുരാജു എന്നിവരാണ് ഓഫിസിനു മുന്പില് ഉപവാസസമരം നടത്തുന്നത്. ജനവാസം കുറഞ്ഞ മേഖലയിലേക്ക് ഔട്ട്ലെറ്റ് മാറ്റിയില്ലെങ്കില്‍ ബിജെപി അതിശക്തമായ സമരം നടത്തുമെന്നും എ.നാഗേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."