എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി
വാടാനപ്പള്ളി: തിരുവനന്തപുരം ലോഅക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ് നടത്തിയ പഠിപ്പ് മുടക്ക് സമരത്തിനിടെ തൃപ്രയാര്‍ ശ്രീരാമ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി.
ഇന്നലെ രാവിലെയാണ് പോളിടെക്‌നിക് കോളജില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ ആക്രമിച്ചത്. ലോഅക്കാദമി സമരത്തിന് പിന്തുണയുമായി സംസ്ഥാനമൊട്ടാകെ എ.ഐ.എസ്.എഫ് ബുധനാഴ്ച പഠിപ്പ്മുടക്ക് സമരം പ്രഖ്യാപിച്ചിരുന്നു. രാവിലെ കോളജിലെത്തിയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനും മൂന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയുമായ ഇ.എം.ജിതിനെ ഒരുകൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
ലോഅക്കാദമി വിഷയത്തില്‍ കോളജില്‍ സമരം നടത്തിയാല്‍ തല്ല് കിട്ടുമെന്ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി. കോളജില്‍ കയറരുതെന്ന ഭീഷണി അവഗണിച്ചതോടെ എസ്.എഫ്‌ഐ പ്രവര്‍ത്തകര്‍ ജിതിനെ മര്‍ദിക്കുകയായിരുന്നു.
കഴുത്തിലും തലക്കും അടിയേറ്റ ജിതിന്‍ കോളജില്‍ നിന്ന് പുറത്തേക്കിറങ്ങിയെങ്കിലും പിന്നാലെയെത്തിയവര്‍ മര്‍ദിച്ചു. സംഭവം കണ്ട് ഓടിയെത്തിയ സുഹൃത്ത് ഇടപെട്ടാണ് മര്‍ദനത്തില്‍നിന്ന് ജിതിനെ രക്ഷിച്ചത്. മര്‍ദനമേറ്റ ജിതിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തൃപ്രയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ വിവരമറിഞ്ഞ് വലപ്പാട് പൊലിസ് സ്ഥലത്തെത്തിയിരുന്നു. ലോഅക്കാദമി വിഷയത്തില്‍ വിദ്യാര്‍ഥി വഞ്ചന സ്വയം ബോധ്യപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് എഐഎസ്എഫിന് നേരെ എസ്എഫ്‌ഐ ആക്രമണം നടത്തുന്നതെന്ന് മര്‍ദനമേറ്റ ജിതിനെ സന്ദര്‍ശിച്ച എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."