വരള്‍ച്ച: തേങ്ങയുടെ വിളവ് മൂന്നിലൊന്നായി കുറഞ്ഞു
ചിറ്റൂര്‍: കാലാവസ്ഥ കൈവിട്ടതോടെ തേങ്ങയുടെ വിളവ് നാലിനൊന്നായി. തേങ്ങയുടെ വലിപ്പം വളരെ ചെറുതുമായി. പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ പച്ചത്തേങ്ങ വിളവെടുക്കുന്ന തോട്ടങ്ങളില്‍ ഇന്ന് ആയിരത്തില്‍ ഒതുങ്ങുന്ന എണ്ണം മാത്രമാണ് ഉല്‍പാദനം. സര്‍ക്കാറിന്റെ നാളികേര സംഭരണവും ജില്ലയില്‍ പുനരാരംഭിച്ചിട്ടിത്തതിനാല്‍ വിപണിയും കുത്തനെ ഇടിഞ്ഞു.
പാലക്കാട്ടിലെ നാളികേര കര്‍ഷകരുടെ തെങ്ങിന്‍തോപ്പുകളില്‍ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത് മുതലമട മുതല്‍ വടകരപതിവരെയുള്ള തമിഴ്‌നാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലാണ്. ഇവിടെയാകട്ടെ മഴയില്ലാത്തതിനാല്‍ കുടിവെള്ളത്തിന് പോലും ടാങ്കര്‍ ലോറികളുടെ പുറകില്‍ ഓടിനടക്കുന്ന അവസ്ഥയുമാണ്.
ഒരു തെങ്ങില്‍നിന്ന് വാര്‍ഷിക ഉല്‍പാദനം 90 തേങ്ങ എന്നതാണ് സര്‍ക്കാര്‍ കണക്കെങ്കിലും, 100 മുതല്‍ 130 വരെ ഉല്‍പാദിപ്പിക്കുന്ന പ്രദേശമായിരുന്നു ഇവയെല്ലാം. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ ശരാശരി 30 മുതല്‍ 50 എണ്ണം വരെമാത്രമാണ് വിളവ് ലഭിക്കുന്നത്. സാധരണയായി തെങ്ങുകൃഷിയില്‍ ജനുവരി മുതല്‍ ജൂണ്‍വരെയുള്ള അഞ്ച് മാസത്തിലാണ് 65 ശതമാനം വിളവെടുപ്പ് നടക്കുന്നത്. എന്നാല്‍ ഇത്തവണ സീസണല്ലാത്ത സമയത്ത് ലഭിക്കുന്ന വിളവിന്റെ പാതിപോലും ഇപ്പോള്‍ ലഭിച്ചിട്ടില്ല. തോട്ടങ്ങളിലെ പുല്ലുവെട്ടലും, തടമൊരുക്കലും നടത്തുന്നതിനുള്ള ചിലവ് കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ് കര്‍ഷകരിപ്പോള്‍.
തെങ്ങുകളുടെ മണ്ടയില്‍നിന്ന് വേനലില്‍ നീരൂറ്റികുടിക്കാനെത്തുന്ന ചെമ്പന്‍ചെല്ലിയും കൊമ്പന്‍ചെല്ലിയും കൂടുതലായി ആക്രമിക്കുന്നത് തടയാന്‍ നടപടികള്‍ക്കും ചിലവുണ്ട്. സ്വകാര്യ കച്ചവടക്കാര്‍ മൂന്നിനൊന്നും നാലിനൊന്നും എന്നരീതിയില്‍ എണ്ണിയാണ് കര്‍ഷകരുടെ തോട്ടങ്ങളില്‍ നിന്ന് തേങ്ങയെടുക്കുന്നത്. ഈ ചൂഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നാളികേര സംഭരണം പൂര്‍വാധികം ശക്ത്തിയോടെ പുനഃരാരംഭിക്കണം. കാലാവസ്ഥവ്യതിയാനം കാരണം ജലവിതരണം താറുമാറായ ഈ അവസ്ഥയില്‍ ഏതു വിധേനയും ജലസേചനം നടത്തി തെങ്ങിനെ സംരക്ഷിക്കാന്‍ തയ്യാറെടുക്കുന്ന കര്‍ഷകന് സര്‍ക്കാര്‍ സാമ്പത്തിക സഹായം കൂടിയേതീരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."