ഖത്തര്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം വരും
ദോഹ: സീറ്റ് ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഇന്ത്യന്‍ സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് നിരവധി രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. നിലവിലെ സീറ്റ് ദൗര്‍ലഭ്യത്തിന് അടിയന്തര പരിഹാരം ഇത് മാത്രമാണെന്ന് നിരവധി പ്രവാസി സംഘടനകളും അഭിപ്രായപ്പെട്ടു. സ്‌കൂളുകളില്‍ നിശ്ചിത എണ്ണത്തിലധികം കുട്ടികളെ എടുക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നതിനാല്‍ രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളായി പ്രവര്‍ത്തിപ്പിച്ച് പരമാവധി കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് ആവശ്യം.
ആ വര്‍ഷം ആറ് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് കൂടി സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും നിലവിലെ സീറ്റ് ക്ഷാമത്തിന് പരിഹാരമാവില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏപ്രില്‍ 1 മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കകുകയാണ്. മിക്ക സ്‌കൂളുകളിലും ഇതിനകം അഡ്മിഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പറ്റൂ എന്ന് നിയമം ഉള്ളതിനാല്‍ പല ഇന്ത്യന്‍ സ്‌കുളുകള്‍ക്കും ഈ വര്‍ഷം പുതിയ കുട്ടികളെ എടുക്കാന്‍ അനുമതിയില്ല. ഖത്തറില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എംഇഎസ് ഇന്ത്യന്‍ സ്‌കൂളും ഇതില്‍പ്പെടുന്നു. നേരത്തേ സീറ്റിന് വലിയ ഡിമാന്റില്ലാതിരുന്ന സ്‌കൂളുകളില്‍ പോലും ഇപ്പോള്‍ രക്ഷിതാക്കള്‍ മക്കളുടെ സീറ്റിന് വേണ്ടി തള്ളിക്കയറുകയാണ്. 180 സീറ്റുകള്‍ മാത്രമുള്ള തങ്ങളുടെ സ്‌കൂളില്‍ 600ലേറെ അപേക്ഷകളാണ് ലഭിച്ചതെന്ന് ഒരു സ്‌കൂള്‍ മാനേജര്‍ പറഞ്ഞു.
നിലവില്‍ 13 ഇന്ത്യന്‍ സ്‌കൂളുകളാണ് ഖത്തറിലുള്ളത്. ഇതിനു പുറമേ അല്‍ഖോര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഇന്ത്യന്‍ സിബിഎസ്ഇ പാഠ്യപദ്ധതിയും കൂടി നല്‍കുന്നുണ്ട്. ഈ അധ്യയന വര്‍ഷം തന്നെ ഷിഫ്റ്റ് സമ്പ്രദായം കൊണ്ടു വരുന്നതിന് വേണ്ടി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ഇന്ത്യന്‍ എംബസി ഇടപെടണമെന്ന് പ്രവാസി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. ചില ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ ഷിഫ്റ്റ് സമ്പ്രദായമുണ്ടെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."