ബോണക്കാട്ട് പ്രശ്‌നങ്ങളുണ്ടാക്കിയത് സാമൂഹ്യവിരുദ്ധര്‍: സൂസെപാക്യം
തിരുവനന്തപുരം: ബോണക്കാട് സംഘര്‍ഷം ഉണ്ടായത് ദുഃഖകരമായ കാര്യമാണെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസെപാക്യം. പ്രശ്‌നങ്ങളുണ്ടാക്കിയത് സാമൂഹ്യവിരുദ്ധരാണ്. കുരിശുതകര്‍ക്കാന്‍ ഉത്തരവാദപ്പെട്ട ചിലരും കൂട്ടുനിന്നു.
കുരിശിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. തെറ്റ് ആരുടെ ഭാഗത്തായാലും അന്വേഷിച്ച് നടപടിയെടുക്കണമെന്നും സൂസെപാക്യം ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അനുഭാവപൂര്‍ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു.
സര്‍ക്കാരിന്റെ അധീനതയിലുള്ള വിശേഷപ്പെട്ട പലസ്ഥലങ്ങളിലും ക്രൈസ്തവര്‍ മാത്രമല്ല ഹൈന്ദവരും മുസ്‌ലിംകളുമെല്ലാം പരമ്പരാഗതമായി തീര്‍ഥാടനം നടത്താറുണ്ട്. ബോണക്കാട് കൂടുതല്‍ കുരിശ് നിര്‍മിച്ച് ആരേയും പ്രകോപിപ്പിക്കില്ല.
പരമ്പരാഗതമായി കുരിശുണ്ടായിരുന്ന സ്ഥലത്ത് കുരിശ് സ്ഥാപിച്ച് സര്‍ക്കാരിന്റെ അറിവോടു കൂടി തന്നെ ആരാധന നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ആരാധനാ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പാക്കണം. കുരിശ് തകര്‍ത്ത സ്ഥലത്ത് 10 അടി നീളമുള്ള കുരിശ് പുനഃസ്ഥാപിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍ ആരാധന നടത്താന്‍ അനുവദിക്കമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സൂസെപാക്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. സര്‍ക്കാര്‍ വിചാരിച്ചാല്‍ എല്ലാവരേയും നിയന്ത്രിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."