ഇംഗ്ലീഷ് ദുരന്തം പൂര്‍ണം ിടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ടി20യിലും ഇന്ത്യക്ക് പരമ്പര നേട്ടം
ബംഗളൂരു: ടി20 പരമ്പര നേടി മുഖം രക്ഷിക്കാമെന്ന ഇംഗ്ലീഷ് മോഹം പൊലിഞ്ഞു. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ടി20 പരമ്പരയിലെ അവസാന പോരാട്ടത്തില്‍ 75 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം പിടിച്ചാണ് മൂന്നു മത്സരങ്ങളടങ്ങിയ പോരാട്ടം ഇന്ത്യ 2-1നു നേടിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ വിജയം പിടിച്ച് ഇന്ത്യ പരമ്പര സമനിലയിലെത്തിച്ചിരുന്നു. ഇതോടെ മൂന്നാം മത്സരം നിര്‍ണായകമായി. എന്നാല്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംഗ്ലീഷ് നിരയെ തരിപ്പണമാക്കിയാണ് ഇന്ത്യന്‍ വിജയം.
ബാറ്റിങിനനുകൂലമായ പിച്ചില്‍ ടോസ് നേടിയിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുക്കാനുള്ള ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്റെ ആദ്യ തീരുമാനത്തില്‍ തന്നെ ഇംഗ്ലണ്ട് തോറ്റിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 16.3 ഓവറില്‍ വെറും 127 റണ്‍സില്‍ അവസാനിച്ചു.
റെക്കോര്‍ഡ് നേട്ടത്തോടെ ആറു വിക്കറ്റുകള്‍ പിഴുത യുസ്‌വേന്ദ്ര ചഹലിന്റെ മാരക ബൗളിങാണു ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. അന്താരാഷ്ട്ര ടി20യില്‍ അഞ്ചോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി ചഹല്‍ മാറി. ഒപ്പം അന്താരാഷ്ട്ര ടി20യില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറും ഇനി ചഹലാണ്.
രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ അജന്ത മെന്‍ഡിസാണ് മുന്നില്‍. നാലോവറില്‍ 25 റണ്‍സ് വഴങ്ങിയാണ് ചഹല്‍ ആറു ഇംഗ്ലീഷ് വിക്കറ്റുകള്‍ കൊയ്തത്. ആദ്യ ഓവറില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ ചഹല്‍ തന്റെ മൂന്നാം ഓവറില്‍ രണ്ടും നാലാം ഓവറില്‍ മൂന്നും വിക്കറ്റുകളാണ് കറക്കിയെടുത്തത്.
ജോ റൂട്ട് (42), ഇയാന്‍ മോര്‍ഗന്‍ (40), ജാസന്‍ റോയ് (32) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയതും രണ്ടക്കം കടന്നതും. ഇംഗ്ലീഷ് നിരയില്‍ നാലു ബാറ്റ്‌സ്മാന്‍മാര്‍ സംപൂജ്യരായി കൂടാരം കയറി. ചഹലിനു പുറമേ ബുമ്‌റ മൂന്നും മിശ്ര ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നായകന്‍ കോഹ്‌ലിയെ നഷ്ടമായെങ്കിലും പിന്നീടെത്തിയവരെല്ലാം കാര്യമായ സംഭാവനകള്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് നല്‍കിയതോടെ ടീം ടോപ് ഗിയറിലായി. 45 പന്തില്‍ രണ്ടു ഫോറും അഞ്ചു സിക്‌സും തൂക്കി 63 റണ്‍സ് വാരിയ സുരേഷ് റെയ്‌നയാണ് ടോപ് സ്‌കോറര്‍. ധോണി 36 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും പറത്തി 56 റണ്‍സും യുവരാജ് സിങ് മൂന്നു സിക്‌സും ഒരു ഫോറും അടിച്ചെടുത്ത് പത്തു പന്തില്‍ 27 റണ്‍സും വാരി. കെ.എല്‍ രാഹുല്‍ 18 പന്തില്‍ 22 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യ നാലു പന്തില്‍ 11 റണ്‍സെടുത്തു. ടി20യില്‍ അരങ്ങേറിയ റിഷഭ് പന്ത് അഞ്ചു റണ്‍സുമായി പുറത്താകാതെ നിന്നു. ചഹലാണ് കളിയിലെ കേമന്‍. ജസ്പ്രിത് ബുമ്‌റയാണ് പരമ്പരയുടെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."