ഇറാനില്‍ 1,700 പേര് അറസ്റ്റില്‍
തെഹ്റാന്: ഇറാനില്‍ ഒരാഴ്ച പിന്നിടുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ ആയിരത്തിലേറെ പേര് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇതില്‍ നൂറോളം വിദ്യാര്‍ഥികളും ഉള്‍പ്പെടും. പരിഷ്കരണവാദ പാര്‍ട്ടി എം.പിമാരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ പലരും പ്രക്ഷോഭത്തില്‍ പങ്കെടുക്കുക പോലും ചെയ്യാത്തവരാണെന്ന് പരിഷ്കരണവാദ പാര്‍ട്ടി എം.പിയായ മഹ്മൂദ് സാദഗി പറഞ്ഞു. പ്രക്ഷോഭം കൂടുതല്‍ പടരാതിരിക്കാനായെടുത്ത മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്നും ഇവരെ ഉടന്‍ തന്നെ മോചിപ്പിക്കുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
1,700 പേര് വിവിധ കേന്ദ്രങ്ങളിലായി അറസ്റ്റിലായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായ വിദ്യാര്‍ഥികളുടെ കാര്യം പരിശോധിക്കാനായി അന്വേഷണ സമിതിയെ നിയമിച്ചതായി തെഹ്റാന് സര്‍വകലാശാല വൈസ് പ്രസിഡന്റ് മാജിദ് സര്സങി പറഞ്ഞു. വിദ്യാര്‍ഥികളെ എത്രയും പെട്ടെന്നു മോചിപ്പിക്കാനായി സര്‍ക്കാര്‍വൃത്തങ്ങളുമായി ബന്ധപ്പെട്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. തെഹ്റാന് സര്‍വകലാശാലയിലും പരിസരത്തും ശക്തമായ ഭരണവിരുദ്ധ പ്രക്ഷോഭത്തിനാണു കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷിയായത്.
സംഭവത്തില്‍ ഇതുവരെയായി 21 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. വിവിധ നഗരങ്ങളിലുണ്ടായ പൊലിസ് നടപടികളുടെ ഭാഗമായാണ് ഇവര്‍ മരിച്ചതെന്നാണു വിവരം. എന്നാല്‍, പൊലിസ് നടപടികളുടെ ഭാഗമായല്ല ഇത്രയും പേര് കൊല്ലപ്പെട്ടതെന്നാണ് സര്‍ക്കാര്‍വൃത്തങ്ങളുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."