ഇറാന്‍ ഭരണവിരുദ്ധ പ്രക്ഷോഭം യു.എന്‍ യോഗത്തില്‍
യുനൈറ്റഡ് നാഷന്‍സ്: ഇറാനില്‍ തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. അമേരിക്കയുടെ ആവശ്യപ്രകാരമായിരുന്നു യോഗം ചേര്‍ന്നത്.
യോഗം വിളിച്ചുചേര്‍ത്ത അമേരിക്കന്‍ നടപടിയെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ വിമര്‍ശിച്ചു. റഷ്യന്‍ പ്രതിനിധാണ് ഏറ്റവും ശക്തമായ സ്വരത്തില്‍ ആഞ്ഞടിച്ചത്. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ യു.എന്‍ ഇടപെട്ടത് സമിതിയുടെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണെന്ന് റഷ്യയുടെ യു.എന്‍ അംബാസഡറായ വാസിലി നെബെന്‍സിയ യോഗത്തില്‍ പറഞ്ഞു.
ഇറാന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാനുള്ള ഏതു നീക്കവും വിരുദ്ധഫലമാണുണ്ടാക്കുകയെന്ന് ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍സെ ഡെലാത്ത്രെ വ്യക്തമാക്കി. ട്രംപ് ഭരണകൂടം അംഗീകാരം നല്‍കാന്‍ വിസമ്മതിച്ച ഇറാന്‍ ആണവകരാര്‍ പൂര്‍ണമായി നടപ്പാക്കാനുള്ള നടപടികള്‍ അന്താരാഷ്ട്ര സമൂഹം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്ക രക്ഷാസമിതിയിലെ തങ്ങളുടെ സ്ഥിരാംഗത്വ അധികാരത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് യു.എന്നിലെ ഇറാന്‍ അംബാസഡര്‍ ഗുലാംഅലി ഖുഷ്‌റോ പ്രതികരിച്ചു. പുതിയ നീക്കത്തിലൂടെ അമേരിക്കയുടെ എല്ലാവിധ ധാര്‍മിക, രാഷ്ട്രീയ, നിയമപരമായ ആധികാരികതയും വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.എന്നിന്റെ ആജ്ഞാശക്തിയെ തട്ടിയെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ രക്ഷാസമിതി തടയിട്ടിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പ്രതികരിച്ചു.
യോഗത്തിനു തൊട്ടുമുന്‍പും ഇറാനിലെ പ്രക്ഷോഭകാരികളെ പ്രകീര്‍ത്തിച്ച് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ രംഗത്തെത്തിയിരുന്നു. ധീരോദാത്തമായ ഒരു ജനതയുടെ പ്രദര്‍ശനമാണ് ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭമെന്ന് അവര്‍ പറഞ്ഞു.
ഡിസംബര്‍ 27നാണ് രാജ്യത്തെ തകര്‍ച്ചയിലുള്ള സാമ്പത്തിക സ്ഥിതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഇറാന്‍ നഗരങ്ങളില്‍ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു തുടക്കമായത്. ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തിനും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ നേതൃത്വത്തിലുള്ള പൗരോഹിത്യ ഭരണത്തിനും എതിരേ ഒരുപോലെ പ്രക്ഷോഭത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു.
അമേരിക്ക, ഇസ്‌റാഈല്‍ അടക്കമുള്ള ശത്രുരാജ്യങ്ങളാണു പ്രക്ഷോഭകാരികള്‍ക്കു പിന്തുണ നല്‍കുന്നതെന്ന് റൂഹാനിയും ഖാംനഇയും ആരോപിച്ചിരുന്നു. പ്രക്ഷോഭത്തെ രാജ്യദ്രോഹക്കുറ്റമെന്നാണു രാജ്യത്തെ സൈനിക വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ് വിശേഷിപ്പിച്ചത്. ഇതുവരെയായി പ്രക്ഷോഭത്തിനിടെ 21 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."