അഴകിന്‍ പോരിശയില്‍ മണവാട്ടിമാര്‍
തൃശൂര്‍: അശകിലായ് പേശുന്ന ഖുശി മനമില്‍ ഏശുന്ന് മിശിയിണയില്‍ നേശത്തില്‍ തെളിയുന്ന്... കാഴ്ചക്കാര്‍ക്ക് ആസ്വാദനവും പാട്ടിന്റെ ഇശലുകള്‍ക്കൊപ്പം ഭാവത്തോടെ ഇഴുകിച്ചേര്‍ന്ന് മണവാട്ടിയും സഖിമാരും ഹൈസ്‌കൂള്‍ ഒപ്പന വേദിയില്‍ നിറഞ്ഞാടി.
തനത് ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ പുതുമയാര്‍ന്ന ശീലുകളും, ചൊടിയുള്ള ചുവടുവയ്പുമായി ഒപ്പനക്കൂട്ടം വേദിയില്‍ നിറഞ്ഞാടി. അപ്പീലുമായെത്തിയവര്‍ പോലും മികച്ച നിലവാരം പുലര്‍ത്തിയത് ഒപ്പന മത്സരത്തെ ഹൃദ്യമാക്കി.
മണവാട്ടിയുടെ ലാസ്യവും ദ്രുത ചലനത്തിനൊപ്പം തോഴിമാരുടെ നിറനിലാവ് കണക്കെയുള്ള പുഞ്ചിരിയും സദസിന്റെ മനം നിറച്ചു.
വഴിനീളം കൈകൊട്ടിവന്ന് ചായലും മുറുക്കവും ഇടമുറുക്കവും ആവര്‍ത്തിച്ച് ഇശലിന്റെ അകമ്പടിയില്‍ ചൊടിയുള്ള ചുവടുവയ്പുമായി മണവാട്ടിയും സഖിമാരും ഒപ്പന വേദിയെ ഹൃദ്യമാക്കി. 14 ജില്ലകളില്‍ നിന്നായി അപ്പീലുകളടക്കം 29 ടീമുകളാണ് മത്സരത്തിനെത്തിയത്. മത്സരിച്ച ഒരു ടീമൊഴികെ മറ്റു 28 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.
എന്നാല്‍ ഒപ്പനയുടെ മൊഞ്ചിന് ചേര്‍ന്നതല്ല വേദി എന്ന പരിഭവത്തോടെ മണവാട്ടിമാരും കൂട്ടുകാരും മത്സരത്തിന്റെ ആദ്യം തന്നെ പിണങ്ങിയിരുന്നു. ഗ്ലാമര്‍ ഇനമായ ഒപ്പന ആദ്യ ദിനം തന്നെ വേദിയിലെത്തിയതും, വേദിയും സദസും ചെറുതാണെന്നും ഒപ്പനയുടെ ആവേശത്തിന് ചേര്‍ന്നതല്ലെന്നുമായിരുന്നു പിണക്കത്തിന് കാരണമായത്. പ്രധാന വേദിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഒപ്പന വേദി സജീകരിച്ചതെന്നതും അമര്‍ഷത്തിനിടയാക്കി.
മതിയായ ഇരിപ്പിടങ്ങള്‍ സജീകരിക്കാത്തതിനാല്‍ കാണികള്‍ നിന്ന് മടുത്തു. കൂടാതെ നാല്കഷ്ണങ്ങളായി വേദിയില്‍ വിരിച്ചിരുന്ന പരവതാനിയില്‍ തട്ടി മത്സരാര്‍ഥികള്‍ വീഴുമെന്നും ഇത് നീക്കണമെന്നും ആവശ്യമുയര്‍ന്നു.
വിദ്യാര്‍ത്ഥികളും കൂടെയുണ്ടായിരുന്ന അധ്യാപകരും ഒപ്പന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതേ ആവശ്യമുന്നയിച്ചതോടെ സംഘാടകര്‍ പരവതാനി നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ പരാതികളും പരിഭവങ്ങളുമായാണ് മത്സരം ആരംഭിച്ചതെങ്കിലും നിറപുഞ്ചിരിയോടെയാണ് മണവാട്ടിമാരും തോഴിമാരും വേദി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."