ഓര്‍മയില്‍ മായാതെ മധുരനാരങ്ങ മണം
കണ്ണൂര്‍: തലശേരി ബി.ഇ.എം.പി സ്‌കൂളില്‍ പഠിക്കുന്ന കാലം വൈകുന്നേരം വീട്ടിലേക്കു കണ്ണൂര്‍ സിറ്റിയിലെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ബസ് സ്റ്റാന്റില്‍ നിന്നു മധുരനാരങ്ങ വാങ്ങി പരിചയക്കാര്‍ക്കെല്ലാം ചുളകള്‍ വിതരണം ചെയ്യുന്ന ഇ അഹമ്മദിന്റെ ചിത്രം ഇന്നും പ്രായമുള്ളവരുടെ മനസിലുണ്ട്. മധുരനാരങ്ങപ്പോലെ മറ്റുള്ളവരുടെ മനസില്‍ സ്‌നേഹം പകര്‍ന്ന മനുഷ്യസ്‌നേഹിയായിരുന്നു ഇ അഹമ്മദ്. സഹജീവികളെ തന്നെപ്പോലെ കാണാന്‍ കഴിയുന്ന വിശാലതയാണ് അഹമ്മദ് സാഹിബിനെ ദേശത്തിന്റെ അതിരുകള്‍ക്കപ്പുറം നിസ്വരും അഭയാര്‍ഥികള്‍ക്കും തീവ്രവാദത്തിന്റെയും ഇരകള്‍ക്കും തണല്‍മരം പോലെ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ആകാശത്തോളം വളര്‍ത്തു പന്തലിച്ചപ്പോഴും സന്തോഷം വരുമ്പോള്‍ പൊട്ടിച്ചിരിക്കുകയും സങ്കടം വരുമ്പോള്‍ പൊട്ടിക്കരയുകയും ചെയ്യുന്ന കണ്ണൂരുകാരന്റെ നേരത്വം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുമ്പോള്‍ കണ്ണൂരുകാരന്റെ കൃത്യതയും മൂര്‍ച്ചയും ചൂടും അേേദ്ദഹം കാത്തു സൂക്ഷിച്ചു. എന്നാല്‍ അതെല്ലാം പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തി കൊണ്ടുമാത്രമായിരുന്നു. ഇ.കെ നായനാരെപ്പോലെ തന്നെ തന്റെ കൂടെയുള്ളവര്‍ക്ക് ആപത്തു സംഭവിച്ചാല്‍ അഹമ്മദ് സാഹിബും എല്ലാ നിയന്ത്രണങ്ങളും വിട്ടു പൊതുവേദിയില്‍ വച്ചു പൊട്ടിക്കരഞ്ഞുപോവുമായിരുന്നു. തന്നെ വളര്‍ത്തിയ നേതാക്കളെയും സുഹൃത്തുക്കളെയും ഹൃദയത്തോടു ചേര്‍ത്തുവച്ച നേതാവായിരുന്നുഅദ്ദേഹം. സമാരാധ്യനായ പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങള്‍ അന്തരിച്ചപ്പോള്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞ അദ്ദേഹത്തിന്റെ ചിത്രം ഇപ്പോഴും പലരുടെയും മനസിലുണ്ട്. ചരിത്രകാരനും സുഹൃത്തുമായിരുന്ന പി.ഐ സെയ്ദ് മുഹമ്മദിന്റെ വിയോഗമറിഞ്ഞ അഹമ്മദ് വില്യാപ്പള്ളിയിലെ എം.എസ്.എഫ് പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രസംഗം നിര്‍ത്തിയത്. പിന്നീട് കുട്ടികള്‍ക്കൊപ്പം അദ്ദേഹം പ്രാര്‍ഥനയില്‍ പങ്കെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."