കണ്ണൂരിന്റെ നായകന്‍
കണ്ണൂര്‍: ഇ അഹമ്മദിന്റെ വിയോഗത്തോടെ കണ്ണൂര്‍ സിറ്റിക്കു നഷ്ടമായതു സിറ്റിയുടെ നഷ്ട പ്രൗഢി തിരിച്ചു നല്‍കിയ നായകനെ. റെയില്‍വേ സ്റ്റേഷന്‍ വഴിമാറിപ്പോയതോടെ എല്ലാം നഷ്ടമായ സിറ്റിയില്‍ നിന്നാണു റെയില്‍വേ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അഹമ്മദ് തിരിച്ചത്. അവസാന യാത്രയും ഇവിടേക്കു തന്നെ. തന്റെ രാഷ്ട്രീയതട്ടകം സിറ്റിയില്‍ നിന്നു മാറ്റിയപ്പോഴും സിറ്റിക്കു വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്ന നാടിനെ ദീനുല്‍ ഇസ്‌ലാം സഭ സ്‌കൂള്‍ മുതല്‍ ഹംദര്‍ദ് സര്‍വകലാശാലയുടെ ഓഫ് കാംപസ് വരെ വിദ്യാഭ്യാസ രംഗത്ത് സിറ്റിയെ കൈപിടിച്ചുനടത്തിയത് അഹമ്മദായിരുന്നു. ഒരുകാലത്ത് രക്ഷിതാക്കള്‍ കുട്ടികളെ അയക്കാന്‍ മടിച്ച ദീനുല്‍ ഇസ്‌ലാം സഭ സ്‌കൂളിനെ വിജയം നൂറിന്റെ തിളക്കത്തിലേക്ക് എത്തിച്ചതും ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്.
അവസാനമായി ഇദ്ദേഹം സ്‌കൂളിലെത്തിയതും താന്‍ വെള്ളവും വളവും നല്‍കി വളര്‍ത്തിയ സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിക്കനായിരുന്നു. വിദേശത്ത് അവസാനമായി പങ്കെടുത്ത പരിപാടി 16നു ദുബൈയില്‍ നടന്ന സിറ്റി കൂട്ടായ്മയിലായിരുന്നു. കടുത്തരോഗം തന്നെ ബാധിച്ചെന്നറിഞ്ഞപ്പോള്‍ ശയ്യാവലംബിയാകുന്നതിനുപകരം കൂടുതല്‍ കര്‍മമേഖലകള്‍ രൂപപ്പെടുത്തി ചടുലമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ് അദ്ദേഹം ചെയ്തത്. താന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ മുസ്‌ലിം ജമാഅത്തി നു വേണ്ടിയും രോഗസമയത്തും ഓടിനടന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്കു ഭക്ഷണം മുതല്‍ ചികിത്സവരെ സൗജന്യമായി എത്തിക്കാന്‍ ഇദ്ദേഹം പരിശ്രമിച്ചു. ഒടുവിലായി തുടങ്ങിയ ഹൃദ്‌രോഗ ചികിത്സാ കേന്ദ്രത്തിനും പിന്നില്‍ ഇ അഹമ്മദായിരുന്നു. പലപ്പോഴും നവമാധ്യമങ്ങളില്‍ ഇ അഹമ്മദ് മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചപ്പോഴും തങ്ങളുടെ സാഹിബിനൊന്നും പറ്റിയിട്ടില്ലെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ സിറ്റിക്കാര്‍ക്കു ഇന്നലെ പുലര്‍ച്ചെ എത്തിയ വാര്‍ത്ത വിശ്വസിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."