സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ജില്ലയിലെത്തിയതിനു പിന്നില്‍ ഇ അഹമ്മദിന്റെ നിതാന്ത പരിശ്രമം
കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വകലാശാല ജില്ലയില്‍ സ്ഥാപിക്കുന്നതിനു നിതാന്ത പരിശ്രമം നടത്തിയ കര്‍മ്മ നിരതനായ നേതാവാണ് ഇ അഹമ്മദ് എം.പി. കേരളത്തില്‍ കേന്ദ്ര സര്‍വകലാശാല അനുവദിച്ചപ്പോള്‍ അത് ആദ്യം കാസര്‍കോട്ടേക്ക് അനുവദിച്ചെങ്കിലും ഈ സര്‍വകലാശാലയെ തെക്കന്‍ ജില്ലയിലേക്കു മാറ്റുവാന്‍ ശ്രമമുണ്ടായപ്പോള്‍ ജില്ലയിലെ യു.ഡി.എഫ് നേതാക്കളോടൊപ്പം പാറ ഉറച്ചു നിന്നു സര്‍വകലാശാല ജില്ലയില്‍ സ്ഥാപിക്കുന്നതിന് ഇ അഹമ്മദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ജനങ്ങള്‍ ആദരവോടെയാണ് ഓര്‍ക്കുന്നത്.
കാസര്‍കോട്ടെയും കാഞ്ഞങ്ങാട് പടന്നക്കാട് ഭാഗത്തെയും പ്രദേശങ്ങളില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപനങ്ങള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണു സ്ഥിരം സര്‍വകലാശാലയും ബന്ധപ്പെട്ട മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ തെക്കന്‍ കേരളത്തിലേക്കു കടത്താനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നത്.
രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി കൂടിയായിരുന്ന ഇ അഹമ്മദ് ഇപ്പോള്‍ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ള തേജസ്വിനി ഹില്ലില്‍ നേരിട്ടെത്തി സ്ഥല പരിശോധന നടത്തിയതും സര്‍വകലാശാല കാസര്‍കോട് ജില്ലയിലെ പെരിയയില്‍ തന്നെ സ്ഥാപിക്കുമെന്ന് അദ്ദേഹം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉറപ്പു നല്‍കിയതും ജില്ലയിലെ ഒട്ടനവധി നേതാക്കള്‍ ഓര്‍ത്തെടുക്കുന്നു. ഇതിനു പുറമേ സര്‍വകലാശാലക്കു കീഴിലുള്ള മെഡിക്കല്‍ കോളജും ഇവിടെ സ്ഥാപിക്കുമെന്ന ഉറപ്പും അദ്ദേഹം ജനങ്ങള്‍ക്കു നല്‍കിയിരുന്നു.
പെരിയയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കീഴിലുള്ള മുന്നൂറ് ഏക്കറോളം വരുന്ന ഭൂമിയില്‍ കേന്ദ്ര സര്‍വകലാശാലയുടെ ക്യാംപസ് രണ്ടു വര്‍ഷം മുമ്പു പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഇ അഹമ്മദെന്ന കര്‍മ്മയോഗിയുടെ വാക്കുകള്‍ അക്ഷരം പ്രതി നടപ്പാകുന്നതാണു ജനം കണ്ടത്.
സര്‍വകലാശാല ആരംഭിക്കാന്‍ ജില്ലയിലെ യു.ഡി.എഫ് നേതാക്കള്‍ കണ്ടെത്തിയ സ്ഥലം നേരിട്ടു പരിശോധിക്കാന്‍ അദ്ദേഹം 2012 - 2013 ആദ്യ സമയത്ത് പെരിയയില്‍ എത്തിയത് ഒരു നട്ടുച്ച നേരത്താണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉടമസ്ഥയില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തനമില്ലാതിരുന്ന അവരുടെ ആശുപത്രി കെട്ടിടത്തില്‍ എത്തിയാണ് ഇ അഹമ്മദ് അന്നു ജനപ്രതിനിധികളുമായും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങളുമായും സംസാരിച്ചത്. പിന്നീട് ഈ സ്ഥലം ഏറ്റെടുത്ത് ഇവിടെ സര്‍വകലാശാല തുടങ്ങിയപ്പോള്‍ കാല്‍ നൂറ്റാണ്ടായി പാര്‍ലമെന്റില്‍ മുഴങ്ങിയിരുന്ന ഇ അഹമ്മദിന്റെ ശബ്ദത്തിന്റെ വില ജില്ലയിലെ ജനങ്ങളും അനുഭവിച്ചറിയുകയായിരുന്നു.
അദ്ദേഹം അധികാരത്തില്‍ നിന്നിറങ്ങുന്നതിനു മുമ്പ് തന്നെ പൂത്തീകരിച്ചു കണ്ടതാണു പെരിയ തേജസ്വിനി ഹില്ലിലെ കേന്ദ്ര സര്‍വകലാശാല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."