രാസവള, കീടനാശിനി വില്‍പനക്ക് നിയന്ത്രണം; വിതരണക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
മാനന്തവാടി: രാസ വള, കീടനാശിനി വില്‍പനക്കുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിനെതിരേ വിതരണക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കീടനാശിനികള്‍ വില്‍പന നടത്തുന്ന കേന്ദ്രങ്ങളില്‍ അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദമോ തതുല്യ യോഗ്യതയോ ഉള്ളവരെ ജോലിക്ക് നിയോഗിക്കുകയോ ഉടമ തന്നെ യോഗ്യത നേടുകയോ ചെയ്തിരിക്കണമെന്നാണ് 2015 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം. ഇതില്ലാത്ത വളം കീടനാശിനി ഡിപ്പോകള്‍ക്ക് രണ്ട് വര്‍ഷം വരെ സാവകാശം നല്‍കുകയും ഇതിനോടകം നിശ്ചിത മാനദണ്ഡം പാലിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇത് പ്രകാരം പുതുതായി പ്രസ്തുത യോഗ്യതയില്ലാതെ അപേക്ഷനല്‍കിയ കീടനാശിനി വില്‍പനശാലകള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നില്ല.
നേരത്തെ ഉണ്ടായിരുന്ന കീടനാശിനി വില്‍പന കേന്ദ്രങ്ങള്‍ക്കുള്ള കാലാവധി ഈ വര്‍ഷാവസാനത്തോടെ അവസാനിക്കുകയും ചെയ്യും. ഇതിനിടെ സംസ്ഥാന സര്‍ക്കാരും കീടനാശിനി വില്‍പനക്ക് പുറമെ രാസ വളവില്‍പനക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി സൂചനയുണ്ട്. ഇതോടെ ഈമേഖലയിലെ നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വളം ഡിപ്പോ ഉടമകള്‍ ആരോപിക്കുന്നത്. ഇതോടൊപ്പമാണ് റെഡ് കാറ്റഗറിയിലുള്ള കീടനാശിനികള്‍ വില്‍പന നടത്താന്‍ കൃഷി ഓഫിസറുടെ കുറിപ്പടി വേണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഈ മേഖലയില്‍ പരിശോധന നടത്തുന്നതിനായി സ്‌പെഷ്യല്‍ സ്‌ക്വാഡിനെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതിനെതിരെയാണ് കേരള അഗ്രോ ഇന്‍പുട്‌സ് ഡീലേഴ്‌സ് അസോസിയോഷന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ആദ്യപടിയെന്നോണം ഫെബ്രുവരി ഒന്നിന് വളംഡിപ്പോ കടയടപ്പ് സമരം നടത്തും. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനുമാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."