പ്രവൃത്തി നിലച്ചിട്ട് ഒരു വര്‍ഷം; നടപടികളില്ലാതെ അധികൃതര്‍
മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്തിലെ എള്ളുമന്ദം-പെരിഞ്ചോല കോളനി റോഡ് നിര്‍മാണ പ്രവൃത്തികള്‍ നിലച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. 700 മീറ്റര്‍ റോഡ് ടാറിങ്, സൈഡ് കെട്ടല്‍, കല്‍വര്‍ട്ട് നിര്‍മാണം എന്നിവക്കായി 36 ലക്ഷം രൂപയാണ് നബാര്‍ഡ് ഫണ്ടില്‍ അനുവദിച്ചത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പ്രവൃത്തികള്‍ക്കാവശ്യമായ കല്ലിറക്കുകയും കല്‍വര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഇതുവരെയായി യാതൊരുവിധ പ്രവൃത്തികള്‍ നടത്തുകയോ കരാറുകാരന്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുകയോ ചെയ്തിട്ടില്ല. പെരിഞ്ചോല കോളനിയിലുള്‍പ്പെടെ നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. കൂടാതെ നിരവധി വിദ്യാര്‍ഥികളും ഇതിലൂടെയാണ് നടക്കുന്നത്. പ്രദേശത്തെ കുറിച്യ തറവാട്ടില്‍ വിധവകള്‍ ഉള്‍പ്പെടെ പ്രായമായവര്‍ ഏറെയാണ്.
രോഗികളായവരെയും മറ്റും ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ വാഹനം എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ചെറിയ ഒരു മഴ പെയ്താല്‍ പോലും റോഡിലൂടെയുള്ള കാല്‍നടയാത്രയും ദുഷ്‌ക്കരമാകും. പ്രവൃത്തികള്‍ക്കായി കല്ല് കൂട്ടിയിട്ടിരിക്കുന്നതും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. റോഡിന് അനുവദിച്ച തുക വകമാറ്റിയതായി സംശയിക്കുന്നതായും പ്രവൃത്തികള്‍ ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."