അധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കുന്നില്ലെന്ന് പരാതി
ബാലുശ്ശേരി: പി.എസ്.സി, വിരമിക്കല്‍ എന്നിവ വഴി ഒഴിവുവന്ന സ്ഥിരാധ്യാപക തസ്തികകളില്‍ നിയമിക്കപ്പെട്ട എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യത ഉണ്ടായിരുന്നിട്ടും നിയമന അംഗീകാരം ലഭിക്കുന്നില്ലെന്ന് പരാതി. നിയമനം ലഭിച്ച് ആറുമാസം കഴിഞ്ഞിട്ടും അംഗീകാരം നല്കാന് ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ജനുവരി 21ന് മുന്‍പ് അധ്യാപകരുടെ നിയമന അംഗീകാര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
മൂന്നു ശതമാനം വികലാംഗ സംവരണമെന്ന കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നിയമന അംഗീകാരം നിരസിക്കുന്നത്. എന്നാല്‍ വികലാംഗരായ അപേക്ഷകര്‍ ഇല്ലാത്ത സ്കൂളുകളിലും അര്‍ഹരായവര്‍ക്ക് നിയമനം നല്‍കാത്തതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ജില്ലയിലെ ചില സ്കൂളുകളില്‍ എ.ഇ.ഒ നിയമന അംഗീകാര ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചിട്ടും ഉത്തരവ് നല്‍കാതെ നിഷേധാത്മക നിലപാട് തുടരുകയാണെന്നാണ് ആക്ഷേപം. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരേ സര്‍ക്കാരിന്റെ അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."