കളിമണ്ണ് ദൗര്‍ലഭ്യം: ചെറുവണ്ണൂരിലെ മലബാര്‍ ടൈല്‍ കമ്പനി അടച്ചുപൂട്ടി
ഫറോക്ക്: ഓട് നിര്‍മാണത്തിനാവശ്യമായ കളിമണ്ണ് ലഭിക്കാത്തതിനെ തുടര്‍ന്നു ചെറുവണ്ണൂരിലെ മലബാര്‍ ടൈല്‍ കമ്പനി അടച്ചുപൂട്ടി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ലേ ഓഫിലായിരുന്ന കമ്പനി ബുധനാഴ്ചയാണ് അടച്ചുപൂട്ടിയത്. 140 പേര്‍ തൊഴിലെടുക്കുന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കമ്പനിയാണ് അടച്ചുപൂട്ടിയത്. കമ്പനി പൂട്ടുന്ന അറിയിപ്പ് ലഭിച്ചതോടെ സംയുക്ത തൊഴിലാളി സംഘടനയുടെ നേതത്വത്തില്‍ തൊഴിലാളികള്‍ രാവിലെ മുതല്‍ സമരമാരംഭിച്ചു.
അതേസമയം ഓട് വ്യവസായത്തിലെ മുഖ്യ അസംസ്‌കൃത വസ്തുവായ കളിമണ്ണ് ഒരു വര്‍ഷത്തിലേറെയായി ലഭിക്കാതെ വന്നതോടെ ഫറോക്ക് മേഖലയിലെ മുഴുവന്‍ ഒട്ടുകമ്പനികളും ഉല്‍പ്പാദനം നടത്തനാകാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ഇതിനിടയില്‍ കറന്‍സി നിരോധനവും ഈ മേഖലക്ക് ഇരുട്ടടിയായി. ഇതോടെ കമ്പനികളില്‍ സ്റ്റോക്കുണ്ടായിരുന്ന ഓടുകള്‍ വില്‍പ്പന നടത്താന്‍ കഴിയാതെ കെട്ടിക്കിടക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ രണ്ടു മാസമായി ഫറോക്ക്, ചെറുവണ്ണൂര്‍ മേഖലയിലെ മിക്ക കമ്പനികളും ലേ ഓഫിലാണ്.
1920ല്‍ ആരംഭിച്ച മലബാര്‍ ടൈല്‍ കമ്പനി വിവിധ മാനേജ്‌മെന്റുകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിച്ചു വന്നത്. 15000 വരെ ഓടുകള്‍ ദിനംപ്രതി ഉല്‍പ്പാദിച്ചു വന്ന ഇവിടെ ചൊവ്വാഴ്ചയും ഓട് വില്‍പ്പന നടന്നതായി തൊഴിലാളികള്‍ പറയുന്നു. മുന്നറിയിപ്പില്ലാതെയും നിയപരമായ നഷ്ടപരിഹാരം നല്‍കാതെയുമാണ് മാനേജ്‌മെന്റ് കമ്പനി അടച്ചുപൂട്ടിയതെന്നു മലബാര്‍ ടൈല്‍ വര്‍ക്‌സ് സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
കമ്പനി പൂട്ടുന്നതിനെ തുടര്‍ന്നു വഴിയാധാരമാകുന്നത് മൂന്നു പതിറ്റാണ്ടോളമായി ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം കമ്പനിക്കായി ചെലവിട്ടു ഒടുവില്‍ പുറംതള്ളുമ്പോള്‍ മറ്റൊരു തൊഴില്‍ കിട്ടാതെ കുടുംബം പട്ടിണിയാകും. കമ്പനി തുറന്ന് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം എല്ലാ തൊഴിലാളികള്‍ക്കും നല്‍കുക എന്നതാണ് തൊഴിലാളികളുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കും വരെ സമരം ചെയ്യാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."