എഫ്.എ കപ്പ്: മാഞ്ചസ്റ്റര്‍ ടീമുകള്‍ക്കും ലിവര്‍പൂളിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് എഫ്.എ കപ്പ് പോരാട്ടത്തില്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ ടീമുകള്‍ക്ക് വിജയം. മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ബേണ്‍ലിയെ വീഴ്ത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡെര്‍ബി കൗണ്ടിയെ പരാജയപ്പെടുത്തി. ലിവര്‍പൂള്‍ 2-1ന് എവര്‍ട്ടനെ കീഴടക്കി. കരുത്തരായ ലെയ്സ്റ്റര്‍ സിറ്റിയെ ഫ്ളീറ്റ്വൂഡ് ടൗണ്‍ 1-1ന് സമനിലയില്‍ തളച്ചു.
അഗ്യെറോ നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് സിറ്റിയുടെ വിജയം. ശേഷിച്ച ഗോളുകള്‍ സനെ, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരും വലയിലാക്കി. ആദ്യ പകുതിയില്‍ ബേണ്‍ലി സിറ്റിയെ ഞെട്ടിച്ച് ലീഡെടുത്തെങ്കിലും നാല് ഗോളുകളും രണ്ടാം പകുതിയില്‍ വലയിലാക്കി സിറ്റി കരുത്ത് കാട്ടുകയായിരുന്നു.
കളിയുടെ അവസാന ആറ് മിനുട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയിച്ചത്. 84ാം മിനുട്ടില്‍ ലിംഗാര്‍ഡും 90ാം മിനുട്ടില്‍ ലുകാകുവും വല ചലിപ്പിച്ചു.
പൊന്നും വിലക്ക് ടീമിലെത്തിച്ച പ്രതിരോധ താരം വാന്‍ ഡിക് തന്റെ മൂല്യമെന്താണെന്ന് തെളിയിച്ച പോരാട്ടത്തിലാണ് സമനില കുരുക്കഴിച്ച് ലിവര്‍പൂള്‍ വിജയിച്ചത്. വിജയ ഗോളിലൂടെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ താരത്തിനായി. എവര്‍ട്ടനെതിരേ ഒരു ഗോളിന് മുന്നില്‍ നിന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ സമനില വഴങ്ങി. എന്നാല്‍ ലിവര്‍പൂളിനായി അരങ്ങേറ്റം കുറിച്ച വാന്‍ ഡിക് കളിയുടെ 84ാം മിനുട്ടില്‍ വല ചലിപ്പിച്ച് അവര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."