ഗണേഷ്കുമാര് മന്ത്രിസ്ഥാനത്തേക്കെന്ന് സൂചന
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) പ്രതിനിധിയായി കെ.ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയാകാന്‍ സാധ്യത. എന്‍.സി.പി അംഗമായ എ.കെ ശശീന്ദ്രന്റെ സാധ്യതക്ക് മങ്ങലേറ്റതോടെ ഗണേഷിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
എന്‍.സി.പിയില്‍ ചേര്‍ന്ന് ഗണേഷ്കുമാര് മന്ത്രിയാകുമെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ പരന്നിരുന്നു. എന്നാല്‍, ഗതാഗത മന്ത്രിയാകാനുള്ള നീക്കങ്ങള്‍ വളരെ മുന്‍പുതന്നെ ഗണേഷ്കുമാറും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാര്‍ ആര്.ബാലകൃഷ്ണപിള്ളയും ആരംഭിച്ചിരുന്നു.
ഇതിനെല്ലാം പല ഘട്ടങ്ങളിലായി തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍, എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരും മന്ത്രിസ്ഥാനത്തുനിന്ന് പുറത്തുപോകുകയും തിരിച്ചുവരവിന് അടുത്തൊന്നും സാധ്യതയില്ലാതാകുകയും ചെയ്തതോടെയാണ് ഗണേഷിന്റെ നീക്കങ്ങള്‍ക്ക് ശക്തി ലഭിച്ചത്.
എ.കെ ശശീന്ദ്രനെതിരേ കോടതിയിലുള്ള കേസില്‍നിന്ന് പിന്മാറുന്നതായി പറഞ്ഞതിനുശേഷം പരാതിക്കാരിയായ സ്ത്രീ ഇപ്പോഴെടുത്ത നിലപാടിനുപിന്നില്‍ ഗണേഷിന്റെ സ്വാധീനമുണ്ടെന്ന് പറയപ്പെടുന്നു. ഗണേഷ് മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുകൂല നിലപാടാണെന്നാണ് വിവരം.
ഗണേഷിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തിയതായും പറയുന്നു.
നിലവില്‍ ഇരുപതിലധികം സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ളതിനാല്‍ ഒഴിവുള്ള സ്ഥാനത്തേക്ക് ഒരു മന്ത്രിയെ കൊണ്ടുവരണമെന്ന താല്പര്യം മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.
നേരത്തേ ഗതാഗത മന്ത്രിയായിരുന്നതും എന്‍.എസ്.എസിന്റെ പിന്തുണയും ഗണേഷ് കുമാറിന് തുണയാകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."