തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭയായി മുക്കം
മുക്കം: നഗരസഭയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് നഗര തൊഴിലുറപ്പ് കൗണ്‍സിലിന്റെ അംഗീകാരം. ഇതോടെ സംസ്ഥാനത്തു പുതുതായി രൂപീകരിച്ച നഗരസഭകളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭയായി മുക്കം.
ഒരു കോടി 37 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക. ജലസംരക്ഷണം, കുളം, തോട് നവീകരണം, വനവല്‍ക്കരണം എന്നിങ്ങനെ വിവിധ ഭാഗങ്ങളിലായാണ് പദ്ധതി നടപ്പാക്കുകയെന്ന് നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക. ദേശീയ നഗര ഉപജീവന പദ്ധതിയില്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്കും എ.ഡി.എസുകള്‍ക്കും ലഭിച്ച 40 ലക്ഷം രൂപയുടെ റിവോള്‍വിങ് ഫണ്ടില്‍നിന്നു കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ നിര്‍ദേശം നല്‍കും.
പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ഇലയറിവുകള്‍ എന്നീ വിഷയങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് പരിശീലംനം നല്‍കും.
അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പദ്ധതി അജന്‍ഡയായി ചര്‍ച്ച ചെയ്ത് വാര്‍ഡ്തല കര്‍മപദ്ധതി തയാറാക്കും. ഏറ്റവും മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കുന്ന വാര്‍ഡിനും എ.ഡി.എസിനും ഉപഹാരങ്ങള്‍ നല്‍കും.
3500 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന പദ്ധതിയില്‍ ഈ മാസം തന്നെ പ്രവൃത്തികള്‍ ആരംഭിക്കും. സ്ത്രീ-പുരുഷ ഭേദമന്യേ 18 വയസ് പൂര്‍ത്തിയവര്‍ക്ക് പദ്ധതിയില്‍ പേരു രജിസ്റ്റര്‍ ചെയ്യാം. വെള്ളി, ശനി ദിവസങ്ങളില്‍ ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ രജിസ്‌ട്രേഷന്‍ ക്യാംപ് നടക്കും. ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എന്‍.കെ ഹരീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ടി ശ്രീധരന്‍, വി. ലീല, കൗണ്‍സിലര്‍ പി.ടി ബാബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."