വിനായകന്റെ മരണം: കുടുംബം സമരത്തിലേക്ക്
തിരുവനന്തപുരം: പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് തൃശൂരില്‍ ദലിത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് കുടുംബം സമരത്തിലേക്ക്. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനാണ് പൊലിസ് മര്‍ദനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്.
ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലിസുകാരെ രക്ഷിക്കാന്‍ നടക്കുന്ന ഉന്നതതല നീക്കത്തിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി വിനീതാ വിജയന് അറിയിച്ചു. തൃശൂര്‍ പാവറട്ടി സ്റ്റേഷനിലെ പൊലിസുകാരായ സാജനും ശ്രീജിത്തുമാണ് വിനായകന്റെ ആത്മഹത്യാക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് സസ്പെന്‍ഷനിലായത്. സസ്പെന്ഷന് പിന്‍വലിച്ച് ഇവരെ സര്‍വിസില്‍ തിരിച്ചെടുത്തതിനുപിന്നില് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ്. ഇത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. പ്രതികളായ പൊലിസുകാരെ കേസന്വേഷണം അവസാനിക്കുന്നതുവരെ പുറത്തുനിര്ത്തണമെന്നാണ് ആക്ഷന്‍ കൗണ്‍സിലും വിനായകന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇതിന് വിരുദ്ധമായാണ് പൊലിസിന്റെ നടപടി. ഇതിനെതിരേ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിനായകന്റെ കുടുംബം സമരത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."