അനുശോചന യോഗം ഇന്നു വൈകിട്ട് അഞ്ചിന്
കോഴിക്കോട്: അന്തരിച്ച ഇ. അഹമ്മദിന്റെ ഭൗതികശരീരം ഒരുനോക്കു കാണാനും മയ്യിത്ത് നിസ്‌കരിക്കാനും അന്തിമോപചാരം അര്‍പ്പിക്കാനും കോഴിക്കോട് ലീഗ് ഹൗസിലും കടപ്പുറത്തും എത്തിച്ചേര്‍ന്നത് പതിനായിരങ്ങള്‍. ഇന്നലെ ഉച്ചയോടെ തന്നെ പ്രവര്‍ത്തകര്‍ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയിരുന്നു.
പൊതുദര്‍ശനത്തിനു വയ്ക്കാനും മയ്യിത്ത് നിസ്‌കാരത്തിനുമായി വിപുലമായ സൗകര്യമാണ് ഒരുക്കിയിരുന്നത്. രാത്രി എട്ടു മുതല്‍ 9.30വരെയാണ് ലീഗ് ഹൗസില്‍ മയ്യിത്ത് പൊതുദര്‍ശനത്തിനു വച്ചത്. ഇരുവരികളിലായി പ്രവര്‍ത്തകര്‍ ഒന്നര മണിക്കൂറോളം നേരം മയ്യിത്ത് കണ്ടശേഷം നിസ്‌കാരത്തിനായി കടപ്പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു. ലീഗ് ഹൗസില്‍ നടന്ന പ്രാര്‍ഥനയ്ക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. പി.കെ കുഞ്ഞാലിക്കുട്ടി, സി. മോയിന്‍കുട്ടി, ഉമര്‍ പാണ്ടികശാല എന്നിവര്‍ അണികളെ നിയന്ത്രിച്ചു.
മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രിയും മറ്റും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, പി.കെ.കെ ബാവ, ശബരിനാഥ് എം.എല്‍.എ, മുന്‍ മന്ത്രി എം.ടി പത്മ, പി.വി ചന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, വി. കുഞ്ഞാലി, സിറാജ് ഇബ്‌റാഹിം സേട്ട്, കെ. വേണു, പി.കെ ഫിറോസ്, നജീബ് കാന്തപുരം, ഹനീഫ പെരിഞ്ചീരി, എം.വി കുഞ്ഞാമു, തോന്നക്കല്‍ ജമാല്‍ വി.എം ഉമര്‍ മാസ്റ്റര്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, സി.വി.എം വാണിമേല്‍, പി.ജി മുഹമ്മദ്, ടി.പി അഷ്‌റഫലി, എം.സി ഖാദര്‍, സി.ടി സക്കീര്‍ ഹുസൈന്‍, എം.പി നവാസ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു.
അനുശോചന യോഗം ഇന്നു വൈകിട്ട് അഞ്ചിനു കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."