പാര്‍ട്ടി ന്യൂജന്‍; സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഡബ്‌സ്മാഷും
കണ്ണൂര്‍: പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ യുവാക്കളായതോടെ ജില്ലാ സമ്മേളന നടത്തിപ്പിലും ന്യൂജന്‍ ടച്ച്. ഡി.വൈ.എഫ്.ഐയുടെയോ എസ്.എഫ്.ഐയുടെയോ സമ്മേളനത്തില്‍പോലും പരീക്ഷിച്ചിട്ടില്ലാത്ത മത്സരങ്ങളാണ് ജില്ലാ സമ്മേളത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങളില്‍ പ്രധാനം ഡബ്‌സ്മാഷും ഫോട്ടോഗ്രാഫി മത്സരവുമാണ്.
യുവതീ യുവാക്കളിലെ പുതിയ ട്രെന്‍ഡായ ഡബ്‌സ്മാഷിലൂടെ സമ്മേളനം കൊഴിപ്പിക്കാനാണ് പാര്‍ട്ടി നേതാക്കളുടെ തീരുമാനം. അഭിനയിക്കാനും അനുകരിക്കാനുമുള്ള ഒന്നാംതരം അവസരമായാണ് യുവത്വം ഡബ്‌സ്മാഷിനെ കാണുന്നത്. ഏതെങ്കിലും സിനിമയിലെ ഡയലോഗിന് അനുസരിച്ച് അഭിനയിച്ച് മൊബൈല്‍ വിഡിയോ കാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതാണ് ഡബ്‌സ്മാഷ്. ഡബ്‌സ്മാഷിന് ലഭിച്ച വര്‍ധിച്ച ജനപ്രീതിയാണ് പാര്‍ട്ടിയെ ഇത്തരത്തിലൊരു മത്സരം നടത്താന്‍ പ്രേരിപ്പിച്ചത്. പുതിയ തലമുറയെ ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ ഭാഗമാക്കാനും ഇതിലും പറ്റിയ മാര്‍ഗം വേറെയില്ലെന്നും നേതൃത്വം വിലയിരുത്തുന്നു.
സിനിമയിലെ ഏതുഭാഗവും എടുത്തു ഡബ്‌സ്മാഷിലൂടെ അവതരിപ്പിക്കാം. 30 സെക്കന്‍ഡില്‍ കുറയുകയും 90 സെക്കന്‍ഡില്‍ കൂടുകയും പാടില്ലെന്നാണ് നിബന്ധന. ഒരാള്‍ക്ക് ഒരു വിഡിയോ അയക്കാം. സമ്മേളനത്തിന്റെ ഭാഗമായുള്ള മത്സര അറിയിപ്പുകളില്‍ ഡബ്‌സ്മാഷും വന്നതോടെ നിരവധി കൗമാരക്കാരാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സംഘാടകരുമായി ബന്ധപ്പെടുന്നത്. ലഭിക്കുന്ന വിഡിയോകള്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്ന ചില സിനിമകളില്‍ നിന്നുള്ളതാണെന്നതാണ് സംഘാടകരെ അല്‍പ്പം കുഴക്കുന്നത്. പരിസ്ഥിതി എന്ന വിഷയത്തില്‍ മൊബൈല്‍ഫോട്ടോഗ്രഫി മത്സരവും ഗാനാലാപന മത്സരവും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
27 മുതല്‍ 29 വരെ കണ്ണൂര്‍ നായനാര്‍ അക്കാദമി പരിസരത്താണ് സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം നടക്കുന്നത്. നായനാര്‍ അക്കാദമിയില്‍ സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും അവസാനം അക്കാദമിയുടെ പുറത്ത് പ്രത്യേകം പന്തലൊരുക്കി സമ്മേളനം നടത്താനാണ് ഇപ്പോള്‍ തീരുമാനം.
അക്കാദമിയുടെ പണി പൂര്‍ത്തിയാകാത്തതാണ് ഇതിനു കാരണമെന്നാണ് പറയുന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ അസംതൃപ്തിയാണ് അക്കാദമി ഹാള്‍ അനുവദിക്കാത്തതിനു പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."