രാജ്യ സുരക്ഷ: അഞ്ചു വയസുകാരനെ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞു
വാഷിങ്ടണ്‍: പൊലിസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ അനിശ്ചിതത്വത്തവും ഭീതിയും നിറഞ്ഞ് അഞ്ചു വയസുകാരന്റെ പിറന്നാള്‍ ദിനം. യു.എസ് വെര്‍ജീനിയയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലാദ് എന്ന ബാലനെയാണ് ഇറാന്‍ പൗരനെന്ന സംശയത്തില്‍ യു.എസ് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞു നിര്‍ത്തിയത്. ട്രംപിന്റെ രാജ്യ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള യാത്രാ വിലക്കിന്റെ ഭാഗമായാണ് നടപടി. വിലക്കേര്‍പെടുത്തിയ ഏഴു രാജ്യങ്ങളില്‍ ഒന്ന് ഇറാനാണ്.
അതേ സമയം ബാലന് അമേരിക്കന്‍ പൗരത്വമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാവ് ഇറാന്‍ വംശജയാണ്. ബന്ധുവിനോടൊപ്പമാണ് കുട്ടി വാഷിങ്ടണ്‍ വിമാനത്താവളത്തിലെത്തിയത്. പുറത്ത് മാതാവ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുട്ടിയും അമ്മയും കണ്ടു മുട്ടുന്ന വികാരഭരിതമായ രംഗങ്ങളുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. മകനെ അണച്ചു പിടിച്ച് ഹാപ്പി ബര്‍ത്ത് ഡേ പാടി സ്വീകരിക്കുന്ന ദൃശ്യമാണ് പുറത്തു വന്നത്.
രാജ്യസുരക്ഷയേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ലെന്നാണ് വൈറ്റ്ഹൗസ് സംഭവത്തിനു നല്‍കുന്ന വിശദീകരണം. അതിന് പ്രായം പ്രശ്‌നമല്ല. ഉദ്യോഗസ്ഥര്‍ അവരുടെ ജോലി നിര്‍വ്വഹിച്ചതാണ്. മൂന്ന് ലക്ഷത്തിലേറെ ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ വെറും നൂറോളം ആളുകള്‍ക്കു മാത്രമാണ് സുരക്ഷാ സംവിധാനങ്ങളുടെ പേരിലുള്ള പ്രയാസം അനുഭവിക്കേണ്ടി വരുന്നത്. അതില്‍ കൊച്ചു കുട്ടികളുണ്ടെങ്കില്‍ തന്നെ അവര്‍ രക്ഷിതാക്കളോടൊപ്പമായിരിക്കും. അതുകൊണ്ട് അവര്‍ പ്രയാസമറിയില്ല. മാത്രമല്ല അവര്‍ക്ക് പേടിയുണ്ടാവുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുമെന്നും വൈറ്റ് ഹൗസ് വിശദമാക്കി.
ട്രംപിന്റെ യാത്രാവിലക്കിനെതിരായ പ്രതിഷേധം ലോകമെങ്ങും ഇപ്പോഴും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."