ജനനായകന് ആയിരങ്ങളുടെ യാത്രാമൊഴി
കണ്ണൂര്‍: രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുന്‍ കേന്ദ്രസഹമന്ത്രിയുമായിരുന്ന ഇ അഹമ്മദിന് ആയിരങ്ങളുടെ യാത്രാമൊഴി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം 12 മണിയോടെ കണ്ണൂര്‍ ജുമാമസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ഇവിടെ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
ബുധനാഴ്ച വൈകീട്ട് 5.30ഓടെ ഡല്‍ഹിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ എത്തിച്ച മയ്യിത്ത് പൊതുദര്‍ശനത്തിനു ശേഷമാണ് കോഴിക്കോട് ലീഗ് ഹൗസിലെത്തിച്ചത്. അന്തിമോപചാരം അര്‍പ്പിക്കാനായി ആയിരക്കണക്കിന് പേരാണ് ഹജ്ജ് ഹൗസിലെത്തിയിരുന്നത്. ലീഗ് ഹൗസിലെ പൊതുദര്‍ശനം 8.30 വരെയായിരുന്നു നിശ്ചിയിച്ചിരുന്നതെങ്കിലും വന്‍ ജനാവലി എത്തിയതോടെ സമയക്രമം തെറ്റുകയായിരുന്നു.
ശേഷം കോഴിക്കോട് ലീഗ് ഹൗസിലെ പൊതുദര്‍ശനത്തിനും കടപ്പുറത്തെ മയ്യിത്ത് നിസ്‌കാരത്തിനും ശേഷമാണ് മയ്യിത്ത് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട് കടപ്പുറത്ത് വച്ച് നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസമായ ചൊവ്വാഴ്ച പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണ ഇ അഹമ്മദ് ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.15നാണ് മരണം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."