യാത്രാവിലക്ക്: യു എസും യു എന്നും ഇടയുന്നു
യുഎൻ: യാത്രാ വിലക്കേർപ്പെടുത്തുന്നതോടെ രാജ്യങ്ങൾ സുരക്ഷിതമാവില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലേയും വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലേയും അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ വിലക്കിനെതിരെയാണ് യുഎൻ സെക്രട്ടറിയുടെ പ്രതികരണം. രാജ്യങ്ങൾ സംരക്ഷിക്കേണ്ടത് ഇങ്ങനെയല്ലെന്നു പറഞ്ഞ ഗുട്ടറെസ് തീരുമാനം വൈകാതെ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
ആഫ്രിക്കൻ യൂണിയൻ സമ്മേളനത്തിനായി എത്യോപ്യയിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇങ്ങനെയല്ല അമേരിക്കയോ മറ്റേതെങ്കിലും രാജ്യങ്ങളോ സംരക്ഷിക്കേണ്ടത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം തടയാനുള്ള ഫലപ്രദമായ മാർഗമായി ഇത് തോന്നുന്നില്ല'- അദ്ദേഹം പറഞ്ഞു.
അഭയാർത്ഥികളുടെ സംരക്ഷണം അതിലുമേറെ പ്രധാനമാണെന്നും ഗുട്ടറെസ് പറഞ്ഞു. പാശ്ചാത്യരാജ്യങ്ങൾ അതിർത്തികൾ അടക്കുകയും മതിലുകൾ പണിയുകയും ചെയ്യുമ്പോൾ അഭയാർത്ഥികളെ സ്വീകരിച്ച ആഫ്രിക്കൻ രാജ്യങ്ങളെ ഗുട്ടറെസ് പ്രശംസിച്ചു.
അഭയാർത്ഥിപ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന കഴിഞ്ഞദിവസവും യുഎൻ സെക്രട്ടറി ജനറൽ നടത്തിയിരുന്നു. അഭ്യന്തരപ്രശ്‌നങ്ങളും ഹിംസയും മൂലം രക്ഷ തേടി അലയുന്ന അഭയാർത്ഥികൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നായിരുന്നു ഉള്ളടക്കം.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം ഇറാഖ്, ഇറാൻ, സിറിയ, ലിബിയ,സുഡാൻ, സൊമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്ന് 90 ദിവസത്തേക്ക് കുടിയേറ്റം സാധ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."